വിഎസിന് കേരളത്തിന്‍റെ ആദരം, സംസ്ഥാനത്ത് 3 ദിവസം ദുഃഖാചരണം, നാളെ പൊതു അവധി, പിഎസ്‍സി പരീക്ഷകളടക്കം മാറ്റി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. 3 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് സി പരീക്ഷകളും ഇന്റർവ്യൂവും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു. ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച 3 ദിവസവും സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം.

Also Read

More Stories from this section

family-dental
witywide