മലയാളക്കരയിലേക്ക് വിഷു എത്തുന്നു, സമൃദ്ധിയിലേക്കുള്ള വിത്തുകൾ വിതയ്ക്കുന്ന വിഷു

ഐശ്വര്യത്തിൻ്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകളുമായാണ് മലയാളക്കരയിലേക്ക് വിഷു എത്തുന്നത്. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.

ഭൂമിയുടേയും സർവ സസ്യജാലങ്ങളുടേയും നിലനിൽപ്പിന് ആധാരമായ സൂര്യൻ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കാര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. അന്ന് രാവും പകലും തുല്യമായി വരുന്ന ദിനമാണ്.

പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കിയാണ് മലയാളികള്‍ വിഷുവിനെ വരവേൽക്കുന്നത്. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും.

ഓണം പോലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷുവും.  കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. കേരളത്തിലെ പല സ്ഥലങ്ങളിൽ വിഭവങ്ങളുടെ ക്രമങ്ങളിൽ വ്യത്യാസം ഉണ്ടാകും. എങ്കിൽ നല്ല തൂശനിലയിൽ വിളമ്പുന്ന വിഷു സദ്യ ഏതൊരു മലയാളിയുടേയും മധുരമുള്ള ഓർമയാണ്. അതിനു ശേഷം. സൂക്ഷിച്ചു വച്ച പലവിധ വിത്തുകൾ വിതയ്ക്കും. പണ്ട് മലയാളം കാർഷിക സമൃദ്ധിയുടെ നാടായിരുന്നു എന്നതിൻ്റെ ഓർമപ്പെടുത്തലാണ് അത്. ഇത്തവണ മഴയിൽ പൊതിഞ്ഞ വിഷുദിനങ്ങളാണ് മലയാളിക്ക്.

More Stories from this section

family-dental
witywide