
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി കല്യാണി കേരളത്തിന്‍റെ തോരാ കണ്ണീരായി. വീട്ടിലെ സംസ്കാര ചടങ്ങുകൾ തന്നെ അതിന് വലിയ സാക്ഷ്യമായി. അത്രമേൽ നൊമ്പരത്തോടെയാണ് ജനപ്രവാഹം കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലേക്ക് ഒഴുകിയെത്തിയത്. എങ്ങും നിശബ്ദതയും നൊമ്പരുവും കണ്ണീരുമായിരുന്നു. ഒടുവിൽ കല്യാണിക്ക് കണ്ണീരോടെ വിട നൽകി കേരളം. തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. നിരവധി പേരാണ് തിരുവാങ്കുളത്തെ വീട്ടിൽ കല്യാണിയുടെ ചേതനയറ്റ ശരീരം അവസാനമായി കാണാനെത്തിയത്.
അതിനിടെ കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി ചെങ്ങമനാട് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊന്ന് ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നാണ് സന്ധ്യയുടെ കുറ്റസമ്മതം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് സ്റ്റേഷനില്‍ സന്ധ്യയെ ചോദ്യംചെയ്യും. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് റൂറൽ എസ്പി എം. ഹേമലത മാധ്യമങ്ങളെ അറിയിച്ചത്. സന്ധ്യയുടെയും കുട്ടിയുടേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എസ്പി എം. ഹേമലത കൂട്ടിച്ചേർത്തു.
ഇന്നലെ കാണാതായ കല്യാണിയുടെ മൃതദേഹം പുലർച്ചെ മൂന്നോടെയാണ് മൂഴിക്കുളം പാലത്തിൻ്റെ മൂന്നാമത്തെ തൂണിന് സമീപം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്തു. ഇന്നലെ അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി സന്ധ്യ ഇറങ്ങുകയായിരുന്നു. മൂന്ന് മണിയോടെ സന്ധ്യ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ സന്ധ്യ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.