ഒരു വയസുകാരന്‍റെ മരണം: മാതാപിതാക്കൾക്കെതിരെ ആരോപണം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ ഒരു വയസായ മകന്‍ എസന്‍ അര്‍ഹന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. ഇന്നലെ മരിച്ച എസന്‍ അര്‍ഹന്‍ ൻ്റെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. അശാസ്ത്രീയ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണമുണ്ട്.

കുഞ്ഞിന്റെ മരണകാരണം മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ എന്നാണ് ആരോഗ്യവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.