
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാംവാർഷികത്തിന് പന്തലും പ്രദർശനശാലകളും കെട്ടാൻ പണംനൽകുന്നത് കിഫ്ബി. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്നരക്കോടിവെച്ച് 20 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കേരള വികസനത്തിന് കിഫ്ബി സമാഹരിക്കുന്ന പണത്തിൽനിന്നാണ് ഇത് നൽകുന്നത്.
ഏഴുദിവസമാണ് ജില്ലകൾതോറും ‘എന്റെ കേരളം’ പ്രദർശനം. പ്രദർശന-വിപണന മേളയ്ക്ക് സ്റ്റാളുകൾക്കും മറ്റുമായി എയർ കണ്ടീഷൻചെയ്ത കൂറ്റൻ പന്തൽ വേണം. തിങ്കളാഴ്ച വാർഷികാഘോഷത്തിന് തുടക്കമാകുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെൻഡർ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണ്. ഇത്തവണ 11 ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾക്കാണ് കരാർ.
പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ തന്നെ അനുവദിച്ചിരുന്നു. അത് പബ്ലിക് റിലേഷൻ വകുപ്പാണ് ചെലവാക്കുന്നത്. ഇതുകൂടാതെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടിവരും.
പന്തലിന് പണം നൽകാൻ തത്ത്വത്തിൽ അനുമതിയായതായി കിഫ്ബി അധികൃതർ പറഞ്ഞു. എസ്റ്റിമേറ്റ് എത്രയെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്നാണ് വിശദീകരണം. ഭരണാനുമതി കിട്ടുന്ന അത്രയും തുക ചെലവിടാറില്ലെന്നാണ് പിആർഡി വിശദീകരണം.
KIFBI will give 20 crore rupees for the celebration of Pinarayi govt’s 4th anniversary