
വാഷിംഗ്ടൺ: ഈ വർഷം ആദ്യം തെറ്റായി എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട കിൽമാർ അബ്രേഗോ ഗാർസിയയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) വീണ്ടും കസ്റ്റഡിയിലെടുത്തു. ബാൾട്ടിമോറിലെ ഐസിഇ ഫെസിലിറ്റിയിൽ സ്വയം ഹാജരായപ്പോഴാണ് അറസ്റ്റ്. ടെന്നസിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ കസ്റ്റഡിയിൽ നിന്ന് മോചിതനായാൽ ഗാർസിയയെ വീണ്ടും തടവിലിടുമെന്ന് ട്രംപ് ഭരണകൂടം ആവർത്തിച്ച് പറഞ്ഞിരുന്നു.
ഈ നീക്കത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകൻ സൈമൺ സാൻഡോവൽ-മോഷെൻബെർഗ് നേരത്തെ സിഎൻഎന്നിനോട് സൂചന നൽകിയിരുന്നു. ഐസിഇ ഫെസിലിറ്റിയിൽ ഹാജരാകുന്നതിന് മുൻപ് കുടുംബാംഗങ്ങളും കുടിയേറ്റ പ്രവർത്തകരും പങ്കെടുത്ത ഒരു റാലിയിൽ വെച്ച് ഗാർസിയ സംസാരിച്ചിരുന്നു. “ഇന്ന് ഐസിഇയിൽ എന്ത് സംഭവിച്ചാലും എനിക്ക് ഒരു വാക്ക് തരണം,” അദ്ദേഹം പറഞ്ഞു. “എനിക്ക് വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും പോരാടുകയും ചെറുത്തുനിൽക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് വാക്ക് തരണം.” – അദ്ദേഹം പറഞ്ഞു.
ഗാർസിയയെ ഈ ആഴ്ച തന്നെ ഉഗാണ്ടയിലേക്ക് അയച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ, ടെന്നസിയിൽ മനുഷ്യക്കടത്ത് കേസിൽ വിചാരണ കാത്ത് തടവിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് മോചിപ്പിച്ചത്.