
ഹാപ്പി ന്യൂ ഇയർ… പുത്തൻ പ്രതീക്ഷകളുടെ കിരണങ്ങളുമായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ 2026 പുതുവർഷം പിറന്നു കഴിഞ്ഞു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലെ (Kiribati) കിരിത്തിമാതി (Kiritimati) അറ്റോളിലാണ് ലോകത്ത് ആദ്യമായി 2026 പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഡിസംബർ 31 വൈകുന്നേരം 3:30 ആയപ്പോഴേക്കും അവിടെ ജനുവരി 1 പുലർന്നു.
കിരിബാത്തിക്ക് പിന്നാലെ ന്യൂസിലൻഡിലെ ഓക്‌ലൻഡ്, വെല്ലിംഗ്ടൺ തുടങ്ങിയ നഗരങ്ങളിൽ പുതുവർഷം എത്തി. പസഫിക് രാജ്യങ്ങളായ ഫിജി, ടോംഗ, സമോവ എന്നിവിടങ്ങളും തൊട്ടുപിന്നാലെ 2026-ലേക്ക് കടന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ തുടങ്ങിയ നഗരങ്ങൾ വൈകാതെ തന്നെ ആഘോഷങ്ങളിൽ പങ്കുചേരും.
ഇന്ത്യയിൽ ഇന്ന് അർദ്ധരാത്രി 12 മണിയോടെയാണ് 2026 പിറക്കുന്നത്. ലോകത്ത് ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുന്നത് പസഫിക് സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ദ്വീപുകളായ ബേക്കർ ഐലൻഡ് (Baker Island), ഹൗലാൻഡ് ഐലൻഡ് (Howland Island) എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയിൽ ജനുവരി 1-ന് വൈകുന്നേരം ഏകദേശം 5:30 ആയിട്ടുണ്ടാകും. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഏറ്റവും അവസാനമായി പുതുവർഷം സ്വാഗതം ചെയ്യുന്നത് അമേരിക്കൻ സമോവ (American Samoa) ആണ്.
മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 33 പവിഴദ്വീപുകൾ (Atolls) ചേർന്ന ഒരു സ്വതന്ത്ര ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി (Kiribati). സൗത്ത് തരാവ (South Tarawa) ആണ് തലസ്ഥാനം. ഭൂമധ്യരേഖയ്ക്ക് സമീപം വ്യാപിച്ചുകിടക്കുന്ന ഈ രാജ്യം ലോകത്തിലെ നാല് അർദ്ധഗോളങ്ങളിലും (വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്) ഭാഗികമായി ഉൾപ്പെടുന്നുണ്ട്. ഏകദേശം 1,30,000-ത്തിന് മുകളിലാണ് ഇവിടുത്തെ ജനസംഖ്യ. ഇംഗ്ലീഷും ഗിൽബർട്ടീസും ആണ് ഔദ്യോഗിക ഭാഷകൾ. സമുദ്രനിരപ്പിൽ നിന്ന് വളരെ താഴ്ന്ന നിലയിലായതിനാൽ, കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും ഈ രാജ്യത്തിന് വലിയ ഭീഷണിയാണ്. ലോകത്തിൽ സമുദ്രത്തിനടിയിലാകാൻ സാധ്യതയുള്ള ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഭൂമിയിലെ വിവിധ സമയമേഖലകൾ (Time Zones) കാരണമാണ് ഓരോ സ്ഥലത്തും വ്യത്യസ്ത സമയങ്ങളിൽ പുതുവർഷം എത്തുന്നത്. ഏകദേശം 26 മണിക്കൂർ സമയമെടുത്താണ് പുതുവർഷം ലോകം മുഴുവൻ ചുറ്റിവരുന്നത്.
Kiribati becomes the first place in the world to enter 2026














