
വാഷിങ്ടണ്‍ : യുഎസില്‍ ‘കിസ്സിങ് ബഗ്‌സ്’ രോഗം (Chagas disease) വ്യാപിക്കുന്നതായി മുന്നറിയിപ്പ്. കിസ്സിങ് ബഗ്‌സ് എന്നറിയപ്പെടുന്ന ഒരുതരം ചോരകുടിയന്‍ കീടങ്ങളാണ് ഈ രോഗത്തിനു പിന്നില്‍. ഇവയുടെ കടിയറ്റ് ശരീരത്തില്‍ ചെറിയ മുറുവകള്‍ ഉണ്ടാകും, ഇതിനടുത്തായി വിസര്‍ജിച്ചു വെക്കുകയും ചെയ്യുന്നു. ഈ വിസര്‍ജ്യം മുറിവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ രക്തത്തില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ടി. ക്രൂസി ( Trypanosoma cruzi ) എന്ന പരാദമാണ് ഈ രോഗത്തിന് കാരണം. കിസ്സിങ് ബഗ്‌സിന്റെ വിസര്‍ജ്യത്തിലൂടെയാണ് ഈ പരാദം ശരീരത്തില്‍ പ്രവേശിക്കുന്നതോടെയാണ് രോഗബാധയുടെ തുടക്കം. പരാദം ശരീരത്തിലെത്തിയാലും വര്‍ഷങ്ങളോളം ഒളിച്ചിരിക്കാനും ഇടയുണ്ട്. വളരെ വൈകി മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയുമുള്ളതാണ് പ്രധാന വെല്ലുവിളി. അതിനാല്‍ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
രോഗലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാകാത്തതിനാല്‍ പലരും രോഗം തിരിച്ചറിയാതെ പോകുന്നു. രോഗം ഗുരുതരമായാല്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ആന്റിപാരസൈറ്റിക് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാല്‍ ചികിത്സ ഫലപ്രദമല്ലാതാകും. ചില സാഹചര്യങ്ങളില്‍ ഹൃദയം മാറ്റിവെക്കേണ്ടി വരും.
32 സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കിസ്സിങ് ബഗ്‌സ്
അമേരിക്കയില്‍ ഇപ്പോള്‍ 32 സംസ്ഥാനങ്ങളില്‍ കിസ്സിങ് ബഗ്‌സ് രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അരിസോണ, ടെക്‌സസ്, ലൂസിയാന, മിസോറി, മിസിസിപ്പി, അര്‍ക്കന്‍സാസ്, ടെന്നസി, കാലിഫോര്‍ണിയ, ന്യൂ മെക്‌സിക്കോ, ഒക്ലഹോമ, നെബ്രാസ്‌ക, അലബാമ, ജോര്‍ജിയ, ഫ്‌ലോറിഡ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, കെന്റക്കി, വിര്‍ജീനിയ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്. തെക്ക്, മിഡ്വെസ്റ്റ്, കിഴക്കന്‍ തീരപ്രദേശങ്ങളിലും ഈ കീടങ്ങളുടെ സാന്നിധ്യമുണ്ട്. അമേരിക്കയില്‍ 300,000-ലധികം ആളുകള്‍ക്ക് കിസ്സിങ് ബഗ്‌സ് രോഗം ബാധിച്ചിരിക്കാമെന്നാണ് നിഗമനം.
ലക്ഷണങ്ങള്‍
ഉറങ്ങുമ്പോഴാണ് പലപ്പോഴും കിസ്സിങ് ബഗ്‌സിന്റെ കടിയേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി അറിയാതെ പോകുകയാണ് ചെയ്യാറ്. കിസ്സിങ് ബഗ്‌സ് അഥവാ ചാഗാസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പനി, ക്ഷീണം, തലവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയായിരിക്കും. കടിയേറ്റ ഭാഗത്ത് നീര്‍വീക്കവും കാണാം. കാലക്രമേണ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പക്ഷാഘാതത്തിനും തുടര്‍ന്ന് മരണത്തിനും കാരണമാകാം.