
മോസ്കോ: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് – യുക്രെയ്ൻ ചർച്ചകളുടെ കാര്യത്തിൽ റഷ്യയ്ക്ക് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. “ഇരുകക്ഷികളും ഇപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞു, ഇത്തരം ചർച്ചകൾ രഹസ്യമായി മാത്രമേ നടത്താവൂ എന്ന്. പരസ്യ ചർച്ചകൾ ഒരു ഫലവും നൽകില്ല, അത് ഫലപ്രദമല്ല,” പെസ്കോവ് വ്യക്തമാക്കി.
സമാധാന പദ്ധതി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ഇതുവരെ വായിച്ചിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കവേ, അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് റഷ്യയ്ക്ക് ഇതുവരെ കൃത്യമായി അറിയില്ലെന്നും പെസ്കോവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പുതിയ യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തെ പെസ്കോവ് സ്വാഗതം ചെയ്തു. യൂറോപ്പിനെ രൂക്ഷമായി വിമർശിക്കുന്നതും, സമ്പന്നമായ സഖ്യകക്ഷികൾ സ്വന്തം പ്രദേശങ്ങളുടെ പ്രതിരോധത്തിന്റെ പ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കൂട്ടായ പ്രതിരോധത്തിന് കൂടുതൽ സംഭാവന നൽകണമെന്നും ആവശ്യപ്പെടുന്നതുമാണ് ഈ തന്ത്രം.
യൂറോപ്പിൽ സ്ഥിരത പുനഃസ്ഥാപിക്കാനും റഷ്യയുമായി തന്ത്രപരമായ സ്ഥിരത കൈവരിക്കാനും മുൻഗണന നൽകുന്ന ഈ നയത്തിലെ സൂചനകൾ റഷ്യയ്ക്ക് ഇഷ്ടപ്പെട്ടു. സംഭാഷണത്തിന്റെയും ക്രിയാത്മകവും സൗഹൃദപരവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന്റെയും ആവശ്യകത ഈ നയരേഖ ചൂണ്ടിക്കാട്ടുന്നുവെന്ന് പെസ്കോവ് അഭിപ്രായപ്പെട്ടു.












