
മോസ്കോ: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ അലാസ്കയിൽ കൃത്യസമയത്ത് എത്തുമെന്ന് ക്രൈംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. “പ്രസിഡൻ്റ് എപ്പോഴും കൃത്യസമയത്ത് എത്താറുണ്ട്,” റഷ്യയുടെ വിദൂര കിഴക്കൻ മേഖലയായ മഗദാനിൽ വെച്ച് വിമാനത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു. പുടിൻ്റെ ‘സമയനിഷ്ഠ’ നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്
കൂടിക്കാഴ്ചകളിൽ പുടിൻ വൈകിയെത്തുന്നത് പതിവായതിനാൽ ഇത് വലിയ ചർച്ചയായിരുന്നു. 2013-ൽ വത്തിക്കാൻ സന്ദർശന വേളയിൽ അദ്ദേഹം പോപ്പ് ഫ്രാൻസിസിനെ ഒരു മണിക്കൂറോളം കാത്തുനിർത്തിയിരുന്നു. പതിറ്റാണ്ടുകളായുള്ള ഭരണകാലയളവിൽ നിരവധി ലോക നേതാക്കളെ അദ്ദേഹം കാത്തുനിർത്തിയിട്ടുണ്ട്. അലാസ്കയിലേക്കുള്ള യാത്രാമധ്യേ മഗദാൻ നഗരത്തിൽ പുടിൻ ഇറങ്ങിയിരുന്നു. അവിടെ ഒരു വ്യാവസായിക പ്ലാൻ്റ് സന്ദർശിക്കുകയും, പ്രാദേശിക സർക്കാർ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും, ഒരു ഹോക്കി റിങ്കിൽ സ്കൂൾ കുട്ടികളെ സന്ദർശിക്കുകയും ചെയ്തു.
മഗദാനിൽ നിന്ന് അലാസ്കയിലെ ആങ്കറേജിലേക്ക് ഏകദേശം നാല് മണിക്കൂർ വിമാനയാത്രയുണ്ട്. മഗദാനിൽ നിന്ന് പുടിൻ കൃത്യസമയത്ത് പുറപ്പെടുമെന്നും, വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11-ന് (യുഎസ് സമയം വൈകുന്നേരം 3-ന്) ആങ്കറേജിൽ അദ്ദേഹം എത്തുമെന്നും പെസ്കോവ് പറഞ്ഞു. അവിടെ ട്രംപ് അദ്ദേഹത്തെ സ്വീകരിക്കും.