സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ വന്നതിൽ പ്രതികരണവുമായി കെഎസ്എഫ്‍ഡിസി എംഡി; ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള എന്നി സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെഎസ്എഫ്‍ഡിസി എംഡി. ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്‍ഡിസി എംഡി പിഎസ് പ്രിയദര്‍ശൻ മാധ്യമങ്ങളോട് പറഞ്ഞു. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തും. വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഹാക്കിംഗ് ആണെന്നാണ് പ്രാഥമിക സംശയം. സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോർന്നിട്ടുണ്ടെന്നും ജാഗ്രത പാലിക്കണം എന്ന് എല്ലാം തിയറ്ററുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രിയദര്‍ശൻ പറഞ്ഞു.

തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നൽകി. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെങ്കിലും കണ്ടുപിടിക്കും. തിയറ്ററുകളിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും കെഎസ്‍എഫ്‍ഡിസി നടത്തുന്നുണ്ട്. ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന കാര്യമടക്കമാണ് പരിശോധിക്കുന്നത്. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, ദൃശ്യങ്ങളാണ് അശ്ലീല വെബ്സൈറ്റുകളിലെത്തിയത്. പെയ്ഡ് വെബ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതാണോയെന്ന കാര്യമടക്കം സൈബര്‍ സെൽ അന്വേഷിക്കുന്നുണ്ട്. അതല്ലെങ്കിൽ ഹാക്കിങിലൂടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതാണോയെന്നാണ് സംശയിക്കുന്നത്. തിയറ്ററിലെ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ അശ്ലീല സൈറ്റുകളിൽ എത്തിയത് ഗൗരവമായിട്ടാണ് കെഎസ്‍എഫ്‍ഡിസിയും പൊലീസും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ലോഗയടക്കമുണ്ടെന്നും അശ്ലീല സൈറ്റുകള്‍ക്ക് പുറമെ വിവിധ എക്സ് അക്കൗണ്ടുകളിലും ടെലഗ്രാം ചാനലുകളിലും കമിതാക്കളുടെ ദൃശ്യങ്ങള്‍ മുഖം പോലും ബ്ലര്‍ ചെയ്യാതെ പ്രതിക്ഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കെൽട്രോണ്‍ ആണ് കെഎസ്‍എഫ്‍ഡിസി തിയറ്ററുകളിൽ സിസിടിവി സ്ഥാപിച്ചതെന്നും അവ സുരക്ഷിതമാണെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം, വിഷയത്തിൽ സൈബര്‍ സെൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide