
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയെ നിര്‍വാഹമുള്ളൂവെന്ന് വ്യക്തമാക്കിയ ജലീല്‍, ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും വന്നതുകൊണ്ട് തനിക്ക് അല്‍പം ഉശിര് കൂടുമെന്നും പറഞ്ഞു.
സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമസഭാ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാത്തതിനെ തുടർന്ന് ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറയുകയുണ്ടായി. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും ഷംസീര്‍ പറഞ്ഞു.
ഇതിന് മുമ്പായി ലീഗ് എംഎല്‍എ ടി.വി.ഇബ്രാഹിമുമായും ജലീല്‍ കൊമ്പുകോര്‍ത്തിരുന്നു. ‘ഞാനൊരു കോളജ് അധ്യാപകനാണ്, നീ ഒരു സ്‌കൂള്‍ അധ്യാപകനാണ്’ എന്നായിരുന്നു ജലീന്റെ പരാമര്‍ശം. ഇതിന് ടി.വി.ഇബ്രാഹിം മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
‘സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’ ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
KT Jaleel Against Speaker AN Shamseer