
കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തിൽ, കടുത്ത നടപടിയുമായി കുവൈറ്റ്. 10 മദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തുകയും സ്ത്രീകളടക്കം 67 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായവരിൽ മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടുന്നുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന സമീപകാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ വിഷമദ്യ ദുരന്തത്തിൽ മരിക്കുകയും 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്.
അപകടത്തിൽ 23 പ്രവാസികൾ മരിക്കുകയും 21 പേരുടെ കാഴ്ച നഷ്ടപ്പെടുകയും 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ പലരും തുടരുന്ന സാഹചര്യമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ പ്രവാസികൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.