
സാൻ ഡിയാഗോ, യുഎസ്: അറസ്റ്റ് ഒഴിവാക്കുന്നതിനായി തന്‍റെ വാഹനം ഉപയോഗിച്ച് ഒന്നിലധികം സർക്കാർ കാറുകളിൽ ഇടിച്ച് കുവൈത്തി പൗരൻ. അപകടത്തിൽ മൂന്ന് ഫെഡറൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ആഭ്യന്തര സുരക്ഷാ വിഭാഗമായ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) അറിയിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നയാളാണ് പ്രതിയെന്ന് ഐസിഇ സ്ഥിരീകരിച്ചു. കുവൈത്ത് പൗരനാണ് പ്രതിയെന്ന് ഐസിഇ സാൻ ഡിയാഗോ ഫീൽഡ് ഓഫീസ് ഡയറക്ടർ പാട്രിക് ഡിവർ എബിസി ന്യൂസിനോട് പറഞ്ഞു. പ്രതി മനഃപൂർവം ഐസിഇ ഉദ്യോഗസ്ഥരെ ഇടിച്ച ശേഷം നിരവധി സർക്കാർ വാഹനങ്ങളിൽ ഇടിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം രാജ്യമായ കുവൈത്തിൽ വാണ്ടഡ് ലിസ്റ്റിലുള്ള, അക്രമാസക്തമായ ക്രിമിനൽ ചരിത്രമുള്ള ഈ അനധികൃത നിയമലംഘകന്‍റെ വാഹനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും നിരപരാധികളെയും ലക്ഷ്യമിടുകയായിരുന്നു,” ഡിവർ പ്രസ്താവനയിൽ പറഞ്ഞു. ഇയാൾ അനധികൃതമായി യുഎസിൽ കഴിയുന്നയാളാണെന്നും, ഇയാളെ നാടുകടത്താൻ നേരത്തെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും ഐസിഇ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവം നടന്നത് മണിക്കൂറിൽ 20 മൈൽ വേഗത പരിധി നിശ്ചയിച്ചിട്ടുള്ള റെസിഡൻഷ്യൽ ഏരിയയിലാണ്. അടുത്ത് ഒരു ഡേ കെയർ സെന്‍ററും ഉണ്ടായിരുന്നു. ഈ അശ്രദ്ധമായ പ്രവൃത്തി കൂടുതൽ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേനെ എന്ന് ദൃക്‌സാക്ഷിയായ മൈക്കിൾ ബറീക്ക് എബിസിയുടെ സാൻ ഡിയാഗോ അഫിലിയേറ്റിനോട് പറഞ്ഞു. പരിക്കേറ്റ മൂന്ന് ഫെഡറൽ ഉദ്യോഗസ്ഥരെയും പ്രതിയെയും ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ഫെഡറൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും എതിർക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തതിന് പ്രതിക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഐസിഇ അറിയിച്ചു.















