ചെറിയൊരു കയ്യബദ്ധം, ജോലിക്ക് തിരികെ വരൂ! മസ്ക് പിരിച്ചുവിട്ട നൂറുകണക്കിന് ജീവനക്കാരെ തിരിച്ചെടുക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിട്ട നൂറുകണക്കിന് ഫെഡറൽ ജീവനക്കാരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. ഡോണൾഡ് ട്രംപിന്‍റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (ഡോജ്) ചുമതയുണ്ടായിരുന്ന ഇലോൺ മസ്കാണ് ഇവരെ പിരിച്ചുവിട്ടത്. സർക്കാർ ഓഫീസ് കെട്ടിടങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ആണ് ജീവനക്കാർക്ക് ഈ നിർദേശം നൽകിയത്.

തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള ഓഫർ ഈ ആഴ്ച അവസാനം വരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്ന് മെമ്മോയിൽ പറയുന്നു. ഓഫർ സ്വീകരിക്കുന്നവർ ഒക്ടോബർ ആറിന് ജോലിയിൽ പ്രവേശിക്കണം. ഇതോടെ അവർക്ക് ഏഴ് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്കാലം ലഭിച്ചതിന് തുല്യമായി. ഈ കാലയളവിൽ, ജിഎസ്എ തങ്ങളുടെ കരാർ അവസാനിച്ച കെട്ടിടങ്ങളിൽ താമസം തുടർന്നതിനാൽ നികുതിദായകർക്ക് വലിയ ചെലവാണ് ഉണ്ടായത്.

അവസാനം സംഭവിച്ചത് എന്തെന്നാൽ, ഈ ഏജൻസി തകർന്നു, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിലായി എന്ന് മുൻ ജിഎസ്എ റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായ ചാഡ് ബെക്കർ ഈ വിഷയത്തിൽ പ്രതികരിച്ചു. അടിസ്ഥാനപരമായ ജോലികൾ ചെയ്യാൻ പോലും അവർക്ക് ആളുണ്ടായിരുന്നില്ല. ജിഎസ്എ മാസങ്ങളായി ‘ട്രയാജ് മോഡിൽ’ ആണെന്നും മസ്കിന്റെ ഡോജ് അതിരുകടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെഡറൽ സർക്കാർ ഓഫീസ് കെട്ടിടങ്ങൾ ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിനായി 1940-കളിലാണ് ജിഎസ്എ സ്ഥാപിച്ചത്. ജീവനക്കാരെ തിരികെ വിളിക്കാനുള്ള ജിഎസ്എയുടെ ആവശ്യം ഡോജിന്‍റെ കൂട്ട പിരിച്ചുവിടൽ നടത്തിയ മറ്റ് ഏജൻസികളിലെ സംഭവങ്ങൾക്ക് സമാനമാണ്. കഴിഞ്ഞ മാസം, ഐആർഎസ് രാജിവെച്ച ചില ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിച്ചു. തൊഴിൽ വകുപ്പും ചില ജീവനക്കാരെ തിരികെ വിളിച്ചു. കൂടാതെ നാഷണൽ പാർക്ക് സർവീസ് പിരിച്ചുവിട്ട നിരവധി ജീവനക്കാരെ നേരത്തെ തിരിച്ചെടുത്തിരുന്നു.

More Stories from this section

family-dental
witywide