
മോസ്കോ: യുക്രൈനുമായുള്ള ഭേദഗതി വരുത്തിയ സമാധാന പദ്ധതി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ഓഗസ്റ്റിൽ അലാസ്കയിൽ നടന്ന ഉച്ചകോടിയിലെ ചർച്ചകളുടെ സത്ത പ്രതിഫലിക്കുന്നതാകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. മോസ്കോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന സമാധാന പദ്ധതിയുടെ ആദ്യരൂപത്തെ റഷ്യ സ്വാഗതം ചെയ്തിരുന്നു.
ഈ പദ്ധതി മോസ്കോയ്ക്ക് അനുകൂലമായിരുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ, സ്വിറ്റ്സർലൻഡിൽ യുഎസ്-യുക്രൈൻ ചർച്ചകൾ നടന്നതിന് പിന്നാലെ, യഥാർത്ഥ 28 ഇന പദ്ധതി 19 ഇനങ്ങളുള്ള പുതിയ പദ്ധതിയായി ചുരുങ്ങി. കീവ് അംഗീകരിക്കാൻ സാധ്യതയില്ലാത്ത ചില വ്യവസ്ഥകൾ ഇതിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പിന്തുണയുണ്ടായിരുന്ന യഥാർത്ഥ പദ്ധതിയെ തിരുത്താൻ യൂറോപ്പും യുക്രൈനും ശ്രമിക്കുകയാണെന്ന് ലാവ്‌റോവ് ആരോപിച്ചു.
ഭേദഗതി വരുത്തിയ പദ്ധതിയുടെ പുതിയ രൂപം യുഎസിൽ നിന്ന് ലഭിക്കാൻ റഷ്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “അലാസ്ക ഉച്ചകോടിയിൽ ഞങ്ങൾ രേഖപ്പെടുത്തിയ പ്രധാന ധാരണകളുടെ സത്തയും അക്ഷരവും നഷ്ടപ്പെടുകയാണെങ്കിൽ, തീർച്ചയായും സാഹചര്യം അടിസ്ഥാനപരമായി മാറും. എന്നാൽ, ഞാൻ ആവർത്തിക്കുന്നു, ഇതുവരെ ആരും ഔദ്യോഗികമായി ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ല,” ലാവ്‌റോവ് കൂട്ടിച്ചേർത്തു.










