
മോസ്കോ: യുക്രെയ്ൻ പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കിഴക്കൻ യുക്രെയ്നിലും ക്രിമിയയിലും താമസിക്കുന്ന റഷ്യൻ സംസാരിക്കുന്നവരെ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്. റഷ്യൻ സ്റ്റേറ്റ് മീഡിയക്ക് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് ലാവ്റോവ് ഇക്കാര്യം പറഞ്ഞത്. “റഷ്യ ഒരിക്കലും പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല – അത് ക്രിമിയയോ ഡോൺബാസോ ആകട്ടെ,” അദ്ദേഹം പറഞ്ഞു. പകരം, “നൂറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിച്ച റഷ്യക്കാരെ സംരക്ഷിക്കുക” എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ റഷ്യ ക്രിമിയയെ ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്തപ്പോൾ നൽകിയ ന്യായീകരണത്തെ ഓർമ്മിപ്പിക്കുന്നതാണ് ലാവ്റോവിന്റെ ഈ പ്രസ്താവന. അക്കാലത്ത്, യുക്രെയ്ൻ അധികാരികൾ വംശീയ റഷ്യക്കാരെയും റഷ്യൻ സംസാരിക്കുന്നവരെയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അവരെ സംരക്ഷിക്കാനാണ് സൈനിക ഇടപെടൽ നടത്തിയതെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു.
യുഎസിന്റെ പിന്തുണയോടെ യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച ലാവ്റോവ്, “റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെയും യുക്രെയ്നിലെ റഷ്യക്കാരുടെയും റഷ്യൻ സംസാരിക്കുന്നവരുടെയും അവകാശങ്ങളെയും മാനിക്കാതെ, ഒരു ദീർഘകാല കരാറിനെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല,” എന്നും പറഞ്ഞു.
2008-ൽ ജോർജിയയെ ആക്രമിച്ചപ്പോഴും റഷ്യ ഇതേ കാരണം തന്നെയായിരുന്നു നിരത്തിയത്. അബ്ഖാസിയ, സൗത്ത് ഒസ്സേഷ്യ എന്നിവിടങ്ങളിലെ റഷ്യൻ സംസാരിക്കുന്നവരെ സംരക്ഷിക്കുന്നതിനാണ് സൈനിക നടപടി ആവശ്യമാണെന്ന് അന്ന് പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് വാദിച്ചിരുന്നു.