
ബെംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തില്‍ സഫാരി ബസിലേക്ക് കയറാന്‍ ശ്രമിച്ച് പുള്ളിപ്പുലി. സഞ്ചാരികളുള്ള ബസിന്റെ ചില്ലില്‍ ചാടിപ്പിടിച്ച പുലി അല്‍പനേരം എല്ലാവരേയും ആശങ്കയിലാക്കി. ബസിന്റെ ജനാലയില്‍ പുലി അള്ളിപ്പിടിച്ചപ്പോള്‍ നഖം കൊണ്ട് ഒരു സ്ത്രീയുടെ കൈക്ക് പരുക്കേറ്റു. ചെന്നൈയില്‍ നിന്നുള്ള 56കാരിയായ വഹിത ബാനു (56) എന്ന വിനോദ സഞ്ചാരിക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ജിഗാനിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍തന്നെയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ പുള്ളിപ്പുലി സഫാരി ബസില്‍ കയറി ജനാലയിലൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കാണാം.
മൃഗങ്ങളും സന്ദര്‍ശകരും തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കം തടയുന്നതിനായി സഫാരി ബസുകളുടെ ജനലുകളിലും വാതിലുകളിലും മെറ്റല്‍ വയര്‍ മെഷ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ, മെഷിലെ ഒരു ചെറിയ വിടവിലൂടെ പുള്ളിപ്പുലി അതിന്റെ കൈയിട്ട് സ്ത്രീയെ മാന്തുകയായിരുന്നു.
അതേസമയം, പുള്ളിപ്പുലിയുടെ ആക്രമണത്തെക്കുറിച്ച് സഫാരി ഡ്രൈവര്‍മാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പുള്ളിപ്പുലി സഫാരിക്കിടെ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുകയാണെന്നും അത് പൂര്‍ത്തിയാകുന്നതുവരെ നോണ്‍-എസി ബസ് സഫാരി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായും അധികൃതര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്
മൃഗങ്ങളെ കൂട്ടിലടയ്ക്കാതെ സ്വാഭാവിക പരിസ്ഥിതിയില്‍ സുരക്ഷിതമായും സ്വതന്ത്രമായി വിഹരിക്കാന്‍ സാധിക്കും വിധം പാര്‍പ്പിച്ചിരിക്കുന്ന ഇടമാണ് ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്. സിംഹങ്ങള്‍ ഉള്‍പ്പടെ വിവിധ വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. ഈ പാര്‍ക്കിലൂടെയുള്ള ബസ് സഫാരിയില്‍ ധാരാളം മൃഗങ്ങളെ കാണാനാകും












