
തിംഫു: അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്റെ നാടുകടത്തൽ നിയമത്തിൽ വലഞ്ഞ് ലോത്‌സാംബ അഭയാർത്ഥികൾ. നാടുകടത്തൽ നിയമത്തെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ളവരെ അമേരിക്ക തിരിച്ചയച്ചെങ്കിലും മാതൃരാജ്യം സ്വീകരിക്കാതിരുന്നതിനാൽ രണ്ടു ഡസനിലധികം വരുന്ന ഭൂട്ടാൻകാരുടെ ജീവിതം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. നേപ്പാളി ഭാഷ സംസാരിക്കുന്ന ഭൂട്ടാനിലെ ന്യൂനപക്ഷ വിഭാഗമായ ലോതാംബ വിഭാഗത്തിൽനിന്നുള്ള അഭയാർത്ഥികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സ്വന്തം രാജ്യമായ ഭൂട്ടാൻ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ഇവർ നേപ്പാളിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണിപ്പോൾ. സാങ്കേതികമായി രാജ്യമില്ലാത്ത ജനതയാണ് ഇവരിപ്പോൾ.
1990-കളിൽ ഭൂട്ടാനിൽനിന്ന് വംശീയ ന്യൂനപക്ഷ വിഭാഗമായ ലോതാംബകളെ പുറത്താക്കിയിരുന്നു. അഭയാർത്ഥി ക്യാമ്പുകളിൽ പതിറ്റാണ്ടുകളോളം കഴിഞ്ഞതിന് ശേഷം 2007-ൽ യുഎൻ നേതൃത്വത്തിൽ അവരിലെ ഒരു ലക്ഷത്തിലധികം പേരെ യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പുനരധിവസിപ്പിച്ചു. വർഷങ്ങളായി അമേരിക്ക ഭൂട്ടാനിലേക്ക് ആരെയും നാടുകടത്തിയിരുന്നില്ല. പലായനം ചെയ്തു വന്നവരുടെ പൗരത്വം ഭൂട്ടാൻ സർക്കാർ റദ്ദാക്കിയതിനാൽ ഇവർക്ക് ഭൂട്ടാനിൽ തിരിച്ചെത്തിയാലും പൗരർ എന്ന ആനുകൂല്യം ലഭിക്കുമായിരുന്നില്ല. ന്യൂഡൽഹിയിലേക്കും തുടർന്ന് ഭൂട്ടാനിലെ പാറോയിലേക്കും തന്നെ വിമാനത്തിൽ അയച്ചുവെന്നാണ് നാടുകടത്തപ്പെട്ടവരിൽ ഒരാൾ സിഎൻഎന്നിനോട് പറഞ്ഞത്. കുട്ടിക്കാലത്ത് ജീവിച്ചിരുന്ന അഭയാർത്ഥി ക്യാമ്പുകളിലാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്ന് നാടുകടത്തപ്പെട്ടവരിൽ പലരും സിഎൻഎന്നിനോട് പറഞ്ഞു.
അമേരിക്കയിൽ നിന്ന് ഭൂട്ടാനിൽ എത്തിയപ്പോൾ ഇവരെ ഇന്ത്യൻ അതിർത്തിയിലേക്ക് കൊണ്ടുപോയി തുറന്നുവിട്ടു. പിന്നീട് ഇവർ അതിർത്തി കടന്ന് നേപ്പാളിലെ മേച്ചി നദി കടന്ന് പാനിട്ടാങ്കിയിൽ എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയെങ്കിലും ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേപ്പാൾ തയ്യാറല്ല. ഇവരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് നേപ്പാൾ. പക്ഷേ, എങ്ങോട്ട് നാടുകടത്തുമെന്നതാണ് നിലനിലക്കുന്ന പ്രശ്നം.