
വാഷിംഗ്ടൺ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി യു എസ്. ഇതിൻ്റെ ഭാഗമായി, 70 വയസ്സും അതിനു മുകളിലുള്ളവരുടെയും ഡ്രൈവിംഗ് ശേഷി വിലയിരുത്തുന്നതിന് പുതിയ നിയമം കൊണ്ട് വരാനാണ്
ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ തീരുമാനം.
ജൂലൈ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഈ വിഭാഗത്തിൽ
ഏകദേശം 48 ദശലക്ഷത്തോളം പേർ വാഹനമോടിക്കുന്നുവെന്നാണ് വിവരങ്ങൾ. മുതിർന്ന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷയും മുതിർന്ന പൗരന്മാരുടെ ഡ്രൈവിംഗ് സ്വാതന്ത്ര്യവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ട് പുതിയ നിയമം കൊണ്ടുവരുന്നത്.
പുതിയ നിയമം അനുസരിച്ച്, മുതിർന്ന ഡ്രൈവർമാർക്കുള്ള നടപടി ക്രമങ്ങളിൽ പല മാറ്റങ്ങളും വരും. ലൈസൻസ് പുതുക്കുമ്പോഴെല്ലാം നിർബന്ധിത കാഴ്ച പരിശോധന നടത്തണം എന്നുള്ളതാണ് പ്രധാന വ്യവസ്ഥ.
വൈദ്യപരമായ കാരണങ്ങളാൽ ആവശ്യപ്പെട്ടാൽ വൈജ്ഞാനിക പരിശോധന (Cognitive Testing) കൂടി വേണ്ടി വരും. 87 വയസ്സ് മുതലുള്ളവർക്ക് വർഷം തോറും വാർഷിക ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്നും അധികൃതർ വിശദീകരിച്ചു. ഇതുകൂടാതെ, ചില മുതിർന്ന പൗരന്മാർക്ക് ഡ്രൈവിംഗ് നിയന്ത്രണങ്ങളോ ബദൽ ഗതാഗത മാർഗ്ഗങ്ങളോ നേരിടേണ്ടി വന്നേക്കാം.
ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലായിരിക്കും ഈ നിയമം നടപ്പിലാക്കുക. അതിനാൽ, ഡ്രൈവർമാർ തങ്ങളുടെ പ്രാദേശിക ഡിഎംവി (Department of Motor Vehicles) നിയമങ്ങൾ അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കണം. ഈ മാറ്റങ്ങൾ മുതിർന്ന ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കാനും ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.