
കാലില്ലാത്തവര്‍ക്ക് കൃത്രിമ കാല്‍ നല്‍കി സമൂഹത്തിന് നല്ലപാഠം പകര്‍ന്നു നല്‍കുകയാണ് ജോണ്‍സന്‍ ശാമുവേല്‍ യുഎസ്എ. കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതി മത ഭേദമെന്യേ കാലില്ലാത്തവര്‍ക്ക് ജര്‍മ്മന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള കൃത്രിമ കാല്‍ നല്‍കി സമൂഹത്തിന്റെ സ്‌നേഹം പിടിച്ചുപറ്റുകയാണ് ഈ മനുഷ്യ സ്‌നേഹി.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ജോണ്‍സന്‍ ശാമുവേല്‍, ചെങ്ങന്നൂരിനടുത്തുള്ള വെട്ടിയാറില്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. കൃത്രിമ കാലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സാമഗ്രികളും ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആവശ്യമനുസരിച്ച് കാലുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ജോലിയാണ് ലൈഫ് & ലിംഫ് ഫൗണ്ടേഷന്‍ ക്ലിനിക്കില്‍ നടക്കുന്നത്. ഈ വര്‍ഷം 50 പേര്‍ക്കാണ് ഓഗസ്റ്റ് രണ്ടാം തീയതി കുമരകം ഗോകുലം റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനോ കണ്‍വന്‍ഷനില്‍ നല്‍കുന്നത്.

നിരവധി വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകള്‍ക്ക് 2 ലക്ഷം മുതല്‍ വില വരുന്ന കാലുകളാണ് അദ്ദേഹം നല്‍കിവരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഫാ. ഡേവിഡ് ചിറമേല്‍ ‘കാലിന്റെ സുവിശേഷം’ എന്നാണ് വിശേഷിപ്പിച്ചത്. 344 പേരാണ് 2011 മുതല്‍ ലൈഫ് & ലിംബിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.
