
വാഷിംഗ്ടൺ: യുഎസ് ഫെഡറൽ ഗവൺമെന്‍റ് ഷട്ട്ഡൗൺ കാരണം എയർ ട്രാഫിക് കൺട്രോളർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് വിമാന സർവീസുകളെ ബാധിക്കുന്നു. ദിവസേന വിമാനങ്ങൾ വൈകുന്ന സാഹചര്യമാണെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. “ഓരോ ദിവസവും ഇത് വ്യത്യാസപ്പെടുന്നു,” ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞു. “ശരാശരി, ഏകദേശം അഞ്ച് ശതമാനം വിമാനങ്ങൾ വൈകുന്നത് എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണമാണ്. എന്നാൽ ചില ദിവസങ്ങളിൽ ഇത് 53 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്,” ഡഫി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച മാത്രം ഡാലസ് ഫോർട്ട് വർത്ത്, നെവാർക്ക്, ഫീനിക്സ് എന്നിവിടങ്ങളിലെ കൺട്രോൾ ടവറുകൾ ഉൾപ്പെടെ 12 എയർ ട്രാഫിക് കൺട്രോൾ സൗകര്യങ്ങളിൽ ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റൺ, നെവാർക്ക്, ദക്ഷിണ കാലിഫോർണിയ എന്നിവിടങ്ങളിൽ വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന TRACON-കളും, അൽബുക്കർക്ക്, അറ്റ്ലാൻ്റ, ഡെൻവർ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഉയർന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന കൺട്രോൾ സെന്ററുകളും കുറവ് നേരിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
ഷട്ട്ഡൗൺ തുടങ്ങിയതിന് ശേഷം മൊത്തം 222 ജീവനക്കാരുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തതിൻ്റെ നാലിരട്ടിയിലധികം വരുമിത്. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ സ്ക്രീനർമാരെപ്പോലെ എയർ ട്രാഫിക് കൺട്രോളർമാർക്കും ഗവൺമെൻ്റ് ഷട്ട്ഡൗൺ സമയത്ത് ജോലിക്ക് ഹാജരാകേണ്ടതുണ്ട്, എന്നാൽ ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതാണ് കൂട്ട അവധിക്ക് കാരണമെന്നാണ് സൂചന.














