
വാഷിംഗ്ടണ്‍: ചാർലി കിർക്കിന്‍റെ അനുസ്മരണ ചടങ്ങിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും പങ്കെടുത്തപ്പോൾ അവർ തമ്മിലുള്ള കൂടിക്കാഴ്ച വാർത്തയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ ഒരു ലിപ് റീഡർ വെളിപ്പെടുത്തി. ലിപ് റീഡറായ നിക്കോള ഹിക്ലിംഗിന്റെ അഭിപ്രായത്തിൽ, ട്രംപ് മസ്കിനോട് “എന്തൊക്കെയുണ്ട് വിശേഷം?” എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. ശേഷം ട്രംപ്, “ഇലോൺ, നിനക്ക് സംസാരിക്കണമെന്ന് ഞാൻ കേട്ടു,” എന്നും കൂട്ടിച്ചേർത്തു. തുടർന്ന്, “നമുക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കാം” എന്നും ട്രംപ് നിർദ്ദേശിച്ചു. തുടര്‍ന്ന് ട്രംപ് ഐ മിസ്ഡ് യൂ എന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകൾ.
സെപ്റ്റംബർ 10-ന് യൂട്ടാ വാലി സർവ്വകലാശാലയിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാർലി കിർക്കിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ അരിസോണയിലെ സ്റ്റേറ്റ് ഫാം അരീനയിലാണ് ഇരുവരും കണ്ടുമുട്ടിയത്. അനുസ്മരണ ചടങ്ങിനിടെ മസ്ക് ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രം “ഫോർ ചാർലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു.
2024-ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിർണ്ണായക സംസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനായി റിപ്പബ്ലിക്കൻ വോട്ടർമാരെ രജിസ്റ്റർ ചെയ്യാൻ കിർക്കും മസ്കും സജീവമായി പ്രവർത്തിച്ചിരുന്നു. ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 270 മില്യൺ ഡോളറിലധികം സംഭാവന നൽകിയ മസ്ക്, യുഎസ് പ്രസിഡന്റിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) തലവനായി സേവനമനുഷ്ഠിച്ചിരുന്നു. ട്രംപിന്റെ രണ്ടാമത്തെ ഭരണത്തിന്റെ ആദ്യ മാസങ്ങളിലാണ് ഈ ഏജൻസി ആരംഭിച്ചത്. എന്നാൽ, ജൂണിൽ ടെസ്‌ല സിഇഒ ഈ പദവിയിൽ നിന്ന് ഒഴിഞ്ഞു.