തൃശൂര്‍: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമയം അവസാനിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിൽ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് കനത്ത പോളിംഗ് ആണ് നടന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 75 ശതമാനത്തിലേറെ പോളിംഗ് നടന്നെന്നാണ് വ്യക്തമാകുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും 6 മണിവരെ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. മറ്റന്നാൾ ആണ് വോട്ടെണ്ണൽ.
1,53,37,176 കോടി വോട്ടര്‍മാരാണ് ഏഴ് ജില്ലകളിലായി ഇന്ന് വിധിയെഴുതാനുണ്ടായിരുന്നത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും വോട്ടെടുപ്പ് നടന്നു. 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്.









