
ലോസാഞ്ചലസിൽ അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വ്യാപകവും അക്രമാസക്തവുമായാതോടെ രാഷ്ട്രീയ പോരും രൂക്ഷമായി. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള കാലിഫോർണിയയിൽ ഗവർണർ ഗാവിൻ ന്യൂസോമിനെ മറികടന്നുകൊണ്ടാണ് ട്രംപ് നാഷനൽ ഗാർഡുകളെ വിന്യസിച്ചത്. സാധാരണ സംസ്ഥാനത്തിന്റെ ഗവർണർ ആവശ്യപ്പെട്ടാൽ മാത്രമാണ് നാഷനൽ ഗാർഡുകളെ അയക്കുക.
എന്നാൽ ലോസാഞ്ചിലസിലെ ക്രമസമാധാനനില തകർന്നുന്നെന്നും അക്രമം തടയുന്നതിൽ ഗവർണർ പരാജയപ്പെട്ടെന്നും ആരോപിച്ച് , പ്രസിഡൻ്റ് പ്രത്യേക നിയമത്തിന്റെ ബലത്തിലാണ് കാലിഫോർണിയ പൊലീസിനു മുകളിൽ യുഎസ് സേനയുടെ തന്നെ ഭാഗമായ നാഷനൽ ഗാർഡുകളെ വിന്യസിച്ചത്. കൂടാതെ മറീനുകളേയും വിന്യസിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ട്രംപിൻ്റെ പ്രവൃത്തി “നിയമവിരുദ്ധവും” “അധാർമികവുമാണെന്ന് ഗാവിൻ ന്യൂസോം വിശേഷിപ്പിച്ചു. ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് രാത്രി നിങ്ങൾ ടിവിയിൽ കാണുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചത് ഡൊണാൾഡ് ട്രംപാണ് . അദ്ദേഹം സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി… അദ്ദേഹം എരിതീയിൽ എണ്ണയൊഴിക്കുകയാണ്,” എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ന്യൂസോം പറഞ്ഞു.
ലോസ് ഏഞ്ചൽസിലെ ശാന്തമാക്കാൻ മറൈൻ സേനയെ വിന്യസിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി “സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ന്യൂസോം പറഞ്ഞു. ലോസ് ഏഞ്ചിൽസിലെ ജനങ്ങളോട് സമാധാനപരമായി തുടരാനും തീവ്രവാദികൾ പ്രതീക്ഷിക്കുന്ന കെണിയിൽ വീഴാതിരിക്കാനും ന്യൂസോം അഭ്യർഥിച്ചു.
അതിനിടെ ഇമിഗ്രേഷൻ നടപടിയെ കാലിഫോർണിയയിലെ ഉദ്യോഗസ്ഥരും നേതാക്കളും തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അത്തരക്കാതെ അറസ്റ്റ് ചെയ്യുമെന്നും ബോർഡർ സാർ ടോം ഹോമാൻ പറഞ്ഞു.
ഇതിനുള്ള മറുപടിയുമായും ന്യൂസോം രംഗത്തുവന്നു. “ട്രംപിന്റെ ബോർഡർ സാർ എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്നെ പിടികൂടൂ, ഞാൻ ഒരു തരിമ്പുപോലും ഭയപ്പെടുന്നില്ല. കാലിഫോർണിയയ്ക്കുവേണ്ടി ഞാൻ നിലകൊള്ളും. നിങ്ങൾക്ക് അതിൽ നിന്ന് എന്നെ തടയാനാവില്ല”. ന്യൂസോം പറഞ്ഞു
ഡെമോക്രാറ്റുകളുടെ ശക്തനായ നേതാക്കളിൽ ഒരാളാണ് ന്യൂസോം. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനു പോലും പരിഗണിച്ചിരുന്നു നേതാക്കളിൽ ഒരാൾ. അദ്ദേഹത്തിൻ്റെ കഴിവിനെയാണ് ട്രംപ് ചോദ്യം ചെയ്തിരിക്കുന്നത്.
Los Angeles protests turn to political battle