അണയാതെ ലൊസാഞ്ചലസ് കാട്ടുതീ: 16 മരണം, 16 പേരെ കാണാതായി, സാൻ്റ അന്ന കാറ്റ് വീശിയടിക്കാൻ സാധ്യത

ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലൊസാഞ്ചലസിൽ അഞ്ചുദിവസമായി സംഹാരതാണ്ഡവമാടുന്ന ഈറ്റൺ, പാലിസേഡ്‌സ് കാട്ടുതീകളിൽ മരണം 16 ആയി. 16 പേരെ കാണാതായി. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നായ്ക്കളെ ഉപയോഗിച്ച രക്ഷാപ്രവർത്തകർ ആളുകൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

ലൊസാഞ്ചൽസിന് ചുറ്റും മൂന്നിടത്ത് തീ കത്തുന്നുണ്ട്. ഏറ്റവും വലിയ തീപിടുത്തം പാലിസേഡ്സിലേതാണ്. ഇവിടെ ഇപ്പോൾ 23,000 ഏക്കറിലധികം കത്തിനശിച്ചു, 11% മാത്രമേ നിയന്ത്രണവിധേയമാക്കിയിട്ടുള്ളൂ. വരണ്ടകാറ്റിന്റെ ശക്തി അല്പം കുറഞ്ഞതോടെ അൽറ്റഡെനയടക്കമുള്ളയിടങ്ങളിലെ തീ ശമിപ്പിക്കാൻ കഴിഞ്ഞെങ്കിലും ശനിയാഴ്ച വൈകീട്ടോടെ പസഫിക് പാലിസേഡ്സിൽ 1000 ഏക്കറിലേക്കുകൂടി തീ പടർന്നു. ബ്രെന്റ്‍വുഡിലെ കുന്നുകളിലാണ് വലിയ തീയാളുന്നത്. ഇവിടെ ഹെലികോപ്റ്റർമാർഗം വെള്ളമടിക്കുന്നത് തുടരുകയാണ്.

രാജ്യം യുദ്ധാന്തരീക്ഷം അഭിമുഖീരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അചിന്തനീയവും ഭീതിതവുമായ മറ്റൊരു രാത്രിയെയാണ് ശനിയാഴ്ച ലോസ് ആഞ്ജലിസുകാർ അഭിമുഖീകരിച്ചതെന്ന് കൗണ്ടി സൂപ്പർവൈസർ ലിൻഡ്‌സെ ഹൊർവാത് പറഞ്ഞു. വിഷപ്പുക വമിക്കുന്നതിനാൽ വീടുകളിൽ തുടരാൻ ലോസ് ആഞ്ജലിസുകാർക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി

ഈറ്റൺ തീപിടുത്തമാണ് രണ്ടാമത്തെ വലിയ തീപിടുത്തം, 14,000 ഏക്കറിലധികം കത്തിനശിച്ചു. ഇത് 27% നിയന്ത്രണവിധേയമാക്കി.

ഹർസ്റ്റ് തീപിടുത്തം 799 ഏക്കറായി വളർന്നു, ഏതാണ്ട് നിയന്ത്രണവിധേയമാക്കി.

മുൻ കാലിഫോർണിയ ഗവർണറും ഹോളിവുഡ് സൂപ്പർതാരവുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നിയുടെ ചീഫ് എക്സിക്യുട്ടീവ് ബോബ് ഇഗർ തുടങ്ങി പല പ്രമുഖരുടെയും വീടുകളുള്ള ഇടമാണ് ബ്രെന്റ്‌വുഡിലെ മാൻഡെവിൽ. ഈ മേഖലയിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും വീടുണ്ട്.

തീ ആളിപ്പടരാൻ ഇടയാക്കിയ വരണ്ടകാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തിപ്രാപിക്കുമെന്നാണ് ലോസ് ആഞ്ജലിസ് കാലാവസ്ഥാ സർവീസിന്റെ മുന്നറിയിപ്പ്. അങ്ങനെയുണ്ടായാൽ ഹോളിവുഡ് ഹിൽസിന്റെയും ജനനിബിഡമായ സാൻ ഫെർണാണ്ടോ താഴ്വരയുടെയും മറ്റുഭാഗങ്ങളിലേക്ക് പാലിസേഡ്സ് തീ പടരുമെന്നതാണ് ആശങ്ക. കാറ്റ് ശക്തിപ്രാപിക്കും മുൻപ് കാന്യൺ മേഖലയിലെ പാലിസേഡ്‌സ് തീ അണയ്ക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അഗ്നിശമന ഓപ്പറേഷൻസ് മേധാവി ക്രിസ്റ്റ്യൻ ലിറ്റ്‌സ് പറഞ്ഞു. ഇവിടെനിന്ന് പ്രസിദ്ധമായ കാലിഫോർണിയ സർവകലാശാലയിലേക്ക് അധികം ദൂരമില്ല.

തെക്കൻ കാലിഫോർണിയ മേഖലയിൽ ഇപ്പോൾ 14,000 അഗ്നിശമന സേനാംഗങ്ങളും 84 വിമാനങ്ങളുടെയും 1,354 ഫയർ എഞ്ചിനുകളും രാപകലെന്യേ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 105,000 താമസക്കാർ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന സംഘങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്.

കത്തിയ വീടുകളിൽ നിന്നും മോഷണം നടത്തുന്ന നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിൻസന്റ് വാൻഗോഗ് അടക്കമുള്ള ചിത്രകലയിലെ കുലപതികളുടെ 1.25 ലക്ഷത്തോളം വരുന്ന കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന ‘ജെ. പോൾ ഗെറ്റി സെന്റർ’ എന്ന ഹിൽടോപ്പ് മ്യൂസിയത്തിനരികെ ശനിയാഴ്ച തീയെത്തിയിരുന്നു. മ്യൂസിയത്തിന് ഇതുവരെ കേടുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 2019-ലും ഗെറ്റി മ്യൂസിയം കാട്ടുതീ ഭീഷണി നേരിട്ടിരുന്നു.

Los Angeles wildfires continue 16 dead 16 missing Santa Anna winds likely

More Stories from this section

family-dental
witywide