അസ്ഥിയിൽ പിടിച്ച പ്രണയം; മലയാളി യുവാവിനെ യുകെയിൽ നിന്ന് നാടുകടത്തിയേക്കും

അസ്ഥിയിൽ പിടിച്ച പ്രണയം കാരണം മലയാളി യുവാവിനെ യുകെയിൽ നിന്ന് നാടുകടത്തിയേക്കും. ലണ്ടൻ വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ എറണാകുളം വടക്കൻ പറവൂർ സ്വദേശി ആശിഷ് ജോസ് പോൾ (26) എന്ന യുവാവാണ് പ്രണയം കാരണം ജയിൽ ശിക്ഷയും നാടുകടത്തൽ ഭീഷണിയും നേരിടുന്നത്. വിദേശിയായ സഹപ്രവർത്തകയോട് പ്രണയാഭ്യർഥന നടത്തുകയും തുടർന്ന് അഭ്യർത്ഥന നിരസിച്ചിട്ടും ശല്യം തുടർന്നതിനാണ് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതെന്നാണ് വിവരം.

ആറു മാസത്തെ ജയിൽ ശിക്ഷ കൂടാതെ 20 ദിവസത്തെ റിഹാബിലിറ്റേഷൻ ജോലികൾ ചെയ്യാനും കോടതി നിർദ്ദേശിച്ചു. ഇത് കൂടാതെ ഇരയെ പിന്തുടരുന്ന രീതിയിൽ പെരുമാറുന്നതുകൊണ്ട് ആശിഷ് ജോസ് പോളിനെ നാടുകടത്തേണ്ടിവരുമെന്നും ജഡ്ജി സൂചിപ്പിച്ചു. യുവതിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും പിന്തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ലുറ്റാറിറ്റ മാസിയുലോണെറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്. ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പിൽ ജോലി ചെയ്യവേ ഒപ്പം ജോലി ചെയ്ത യുവതിയോട് ആശിഷ് നിരന്തരം പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ യുവതി പൊലീസിൽ പരാതി നൽകി.

അറസ്‌റ്റിലായ യുവാവ് ജാമ്യം കിട്ടിയിട്ടും ശല്യം തുടരുകയായിരുന്നു. 2024 ജൂലൈ ഏഴിനും ഡിസംബർ 30നും ഇടയിൽ ആറ് മാസത്തോളം തനിക്ക് ഇഷ്‌ടമില്ലാതിരുന്നിട്ടും ഫോണിലൂടെ ആശിഷ് ശല്യപ്പെടുത്തിയതായും നമ്പർ ബ്ലോക്ക് ചെയ്‌തിട്ടും ശല്യം തുടർന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

കേരളത്തിൽ നിന്നും ബി.കോം പഠനം കഴിഞ്ഞ ശേഷം ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന യുവാവ് പാർട്ട് ടൈം ജോലിക്കായാണ് ലണ്ടൻ മൃഗശാലയിലെ കഫേയിൽ ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ വരെയാണ് യുവാവിന് വീസ കാലാവധി ഉള്ളത്.

More Stories from this section

family-dental
witywide