തിരുവനന്തപുരം: വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതായത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ നാലിന് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
സംസ്ഥാനത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, ന്യൂനമർദ്ദം ദുർബലമായെങ്കിലും തമിഴ്നാട്ടിൽ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്ടിലെ 22 ജില്ലകളിലും പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ചെന്നൈയിലും തിരുവള്ളൂരിലും രാവിലെ മുതൽ ശക്തമായ മഴ ലഭിച്ചു. ചെന്നൈ പുരസൈവാക്കത്ത് വീടിന്‍റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.
Low pressure over northern Tamil Nadu; Rain warning in Kerala for five days from today















