
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് H-1B വിസയുടെ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അനുകൂലികളില്‍ അതൃപ്തിയുണ്ടാക്കുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, ചില പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അമേരിക്കയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. പിന്നാലെയാണ് മാഗ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലടക്കം രോഷം പ്രകടിപ്പിക്കുന്നത്. തീവ്ര വലതുപക്ഷ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹം നേരിടുന്ന ഏറ്റവും പുതിയ വിമര്‍ശനമാണിത്.
നേരത്തെ H-1B വിസ പ്രോഗ്രാമിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ്, ഉത്പാദന, പ്രതിരോധ മേഖലകളിലെ സങ്കീര്‍ണ്ണമായ ജോലികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ പെട്ടെന്ന് പരിശീലിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. ‘ലോകമെമ്പാടുമുള്ള കഴിവുള്ളവരെ അമേരിക്കയിലേക്ക് കൊണ്ടുവരണം,’ എന്നും, അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, ‘അമേരിക്കയില്‍ കഴിവുകളില്ല, ആളുകള്‍ പഠിക്കേണ്ടതുണ്ട്’ എന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
ട്രംപിന്റെ അഭിപ്രായങ്ങള്‍ വലതുപക്ഷത്തെ പ്രമുഖരില്‍ നിന്ന് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രശസ്ത മാഗ സ്വാധീനക്കാരനായ ജാക്ക് പോസോബിക് മുതല്‍ പ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍, ട്രംപ് പിന്തുണക്കാരനും 1990 കളിലെ നടനുമായ കെവിന്‍ സോര്‍ബോ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതൊരുക്രൂരമായ കാര്യമാണന്നും ഇത് റിപ്പബ്ലിക്കന്‍മാര്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടാക്കുമെന്നും സോര്‍ബോ എക്സിലെ ഒരു പോസ്റ്റില്‍ എഴുതി. പ്രമുഖ ട്രംപ് അനുകൂല പോഡ്കാസ്റ്റര്‍ ബെന്നി ജോണ്‍സണ്‍ ട്രംപിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടിയായി ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എക്സില്‍ നടത്തിയ പോസ്റ്റാണ് പങ്കിട്ടത്. അതില്‍ കിര്‍ക്ക് ”എച്ച്-1ബി അഴിമതി” നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിനെതിരെ താന്‍ തുടര്‍ന്നും പോരാടുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ പ്രസിഡന്റ് എവിടെ?’
മുന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടപ്പോള്‍ ജനുവരി 6 ലെ കലാപത്തിന് മുമ്പ് റാലി സംഘടിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന കടുത്ത ട്രംപ് പിന്തുണക്കാരനായ കൈലി ക്രെമര്‍ തന്റെ രോഷം പ്രകടിപ്പിച്ചു. ”എന്റെ പ്രസിഡന്റ് എവിടെ?”എന്നായിരുന്നു അവര്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു ജനപ്രിയ വലതുപക്ഷ പോഡ്കാസ്റ്ററായ സ്റ്റീവന്‍ ക്രൗഡര്‍ ട്രംപിന്റെ അഭിപ്രായങ്ങള്‍ ”അത്ര മോശമാണ്” എന്ന് പ്രതികരിച്ചു. ഇലോണ്‍ മസ്‌കിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘എലോണിന്റെ മണ്ടത്തരത്തില്‍ നിന്ന് ട്രംപ് പാഠം പഠിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് അങ്ങനെയാണെന്ന് തോന്നുന്നില്ല,’ ക്രൗഡര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ ഈ നിലപാട് മാറ്റം വരുമ്പോഴും, ഭരണകൂടം H-1B വിസ പ്രോഗ്രാമില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. 2025 സെപ്റ്റംബര്‍ 21-ന് ശേഷം സമര്‍പ്പിക്കുന്ന ചില പുതിയ H-1B അപേക്ഷകള്‍ക്ക് യോഗ്യത നേടാന്‍ 1,00,000 ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) അധികമായി നല്‍കണം.
MAGA supporters express displeasure over Trump’s H-1B visa remarks















