
സുജിത്ത് ചാക്കോ
ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ഡിസംബർ 13ന് ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തൽ രാവിലെ 7.30ന് ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകർ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താൻ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ മാർട്ടിൻ ജോൺ, പ്രിൻസ് പോൾ, ബാബു തോമസ്, ട്രസ്റ്റീബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി, പ്രസിഡന്റ് ജോസ് കെ ജോൺ എന്നിവർ അറിയിച്ചു.

2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന നിർണായകമായ വിധിയെഴുത്തിൽ ചാക്കോ തോമസിന്റെ നേതൃത്വത്തിൽ ടീം ഹാർമണിയും റോയി മാത്യുവിന്റെ നേതൃത്വത്തിൽ ടീം യുണൈറ്റഡും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. 16 അംഗങ്ങൾ വീതമാണ് ഇരു പാനലിലും ഉള്ളത്. പ്രസിഡന്റിനെ കൂടാതെ 11 ബോർഡ് അംഗങ്ങളും രണ്ട് വനിതാ പ്രതിനിധികളും ഒരു യുവ പ്രതിനിധിയും ഉൾപ്പെടുന്നതാണ് മാഗിന്റെ ഭരണസമിതി. സ്വതന്ത്രനായി ഷാജു തോമസ് ബോർഡിലേക്കു മാറ്റുരയ്ക്കുന്നു.

മത്സര മുഖത്ത് പൊടിപാറുന്ന പ്രവർത്തനങ്ങളാണ് ഇരു കൂട്ടരും നടത്തുന്നത്. പോസ്റ്ററുകളും ബാനറുകളും പതിച്ചും നോട്ടീസുകൾ വിതരണം ചെയ്തും, വീടുതോറും കയറിയിറങ്ങിയും വമ്പൻ പ്രചാരണമാണ് നടത്തുന്നത്. ആരാധനാലയങ്ങൾ, മറ്റ് കൂട്ടായ്മകൾ തുടങ്ങി മലയാളികൾ കൂടുന്ന എവിടെയും തെരഞ്ഞെടുപ്പിന്റെ ചർച്ചകളും അലയൊലികളുമുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചൂടും ചൂരും നിറച്ചതാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പുകളും. മലയാളി അസോസിയേഷന്റെ മുന്നേറ്റ തുടർച്ചയ്ക്ക് മുതൽക്കൂട്ടാകും ഈ തിരഞ്ഞെടുപ്പ് എന്നതിൽ സംശയമില്ല. നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ എല്ലാ അംഗങ്ങളും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
MAGH Election to begin on 10 December















