
സുജിത്ത് ചാക്കോ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. വിവിധ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും രുചികരമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

ഡിസംബർ 13ന് നടന്ന തെരഞ്ഞെടുപ്പിൽ റോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡ് മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഡിസംബർ 27 നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനോടൊപ്പം വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഷിനു എബ്രഹാം, സുബിൻ ബാലകൃഷ്ണൻ, ജിൻസ് മാത്യു, സുനിൽ തങ്കപ്പൻ, സാജൻ ജോൺ, ജീവൻ സൈമൺ, അമ്പിളി ആന്റണി, ബെനിജ ചെറു, മിഖായേൽ ജോയ്, ബിജു ശിവൻ, ഡെന്നിസ് മാത്യു എന്നിവരും പുതിയ ഭരണസമിതിയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ട്രസ്റ്റീ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ലാരമ്മ മാത്യുവും സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുക്കും. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചരിത്രത്തിലെ ഏറ്റവും മികച്ച മാഗ് തെരഞ്ഞെടുപ്പിനാണ് ഹൂസ്റ്റൺ സാക്ഷ്യം വഹിച്ചത്. കുറ്റമറ്റ രീതിയിൽ, സാങ്കേതികമികവോടെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് നിലവിലുള്ള ബോർഡിനെ സംബന്ധിച്ച് വലിയ നേട്ടമായി. ഇലക്ഷൻ കമ്മീഷന്റെ മികവുറ്റ പ്രവർത്തനവും ശ്ലാഘനീയമാണ്.

ജോസ് കെ ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമൂഹ്യ സാംസ്കാരിക പ്രതിബദ്ധതയോടെയുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് പ്രശംസനീയമായ പ്രവർത്തനങ്ങളുടെ ഒരു വർഷമാണ് കടന്നുപോകുന്നത്.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നാന്ദിയാവും.

c












