വിമാനത്താവളത്തില്‍നിന്നും ശരിയായ രേഖകളുള്ളവരെ പോലും കസ്റ്റഡിയിലെടുക്കുന്നു, യുഎസിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശങ്ക

വാഷിംഗ്ടണ്‍ : പ്രചരണ സമയം മുതലേ ഡോണള്‍ഡ് ട്രംപ് ഉറപ്പിച്ചു പറയുന്ന കാര്യമാണ് യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തുരത്തുമെന്നത്. അതിനുള്ള നീക്കങ്ങള്‍ അധികാരമേറ്റയുടനെതന്നെ ചെയ്യുകയും ചെയ്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെ യുഎസില്‍ നിന്നും വിലങ്ങണിയിച്ച് കുറ്റവാളികളെപ്പോലെ യുഎസ് സൈനിക വിമാനങ്ങളില്‍ എത്തിച്ചത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ വിദ്യാര്‍ത്ഥി വീസ റദ്ദാക്കുന്നതടക്കമുള്ള ആശങ്കകളും യുഎസിലെ ഇതര പൗരന്മാരെ വലയ്ക്കുന്നുണ്ട്. അതിനിടെ യുഎസിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍പോലും ആഗ്രഹിക്കുന്നവെന്ന റിപ്പോര്‍ട്ടുകളും വരുന്നു. കാരണം മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടിക്കപ്പെടുമോ എന്ന ഭീതിയാണ്.

ട്രംപ് ഭരണകൂടത്തിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കര്‍ശന നടപടികള്‍ ഗ്രീന്‍ കാര്‍ഡുകളും സാധുവായ വിസകളുമായി നിയമപരമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ബാധിച്ചിട്ടുണ്ടെന്ന് സാരം.

വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന പരിശോധന നേരിടുന്നതായി നിരവധി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, ശരിയായ രേഖകളുള്ളവരെ പോലും കസ്റ്റഡിയിലെടുക്കുന്നുവെന്നതും ആശങ്ക ഉയര്‍ത്തുന്നു.

തിരിച്ചെത്തുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നതിനാല്‍ വിവിധ സര്‍വ്വകലാശാലകള്‍ തങ്ങളുടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യുഎസ് വിട്ടുപോകരുതെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു. മാര്‍ച്ചില്‍, ബ്രൗണ്‍ സര്‍വകലാശാല തങ്ങളുടെ അന്താരാഷ്ട്ര പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും ‘വളരെയധികം ജാഗ്രതയോടെ’ തല്‍ക്കാലം യുഎസില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു. സര്‍വകലാശാലയിലെ ഫിസിഷ്യനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റാഷ അലവീഹിനെ യുഎസ് വിസ ഉണ്ടായിരുന്നിട്ടും ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

മാര്‍ച്ചില്‍ യുഎസിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഗ്രീന്‍ കാര്‍ഡ് ഉടമ ഫാബിയന്‍ ഷ്മിഡിറ്റിനെയും കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ കസ്റ്റംസ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് തടങ്കല്‍ കേന്ദ്രത്തിലേക്ക് അയച്ചതായി ആരോപണം ഉയര്‍ന്നു. പക്ഷേ, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു.

‘യുഎസ് നിയമങ്ങള്‍ ലംഘിക്കാത്ത, അപേക്ഷാ തട്ടിപ്പ് നടത്താത്ത, അല്ലെങ്കില്‍ ദീര്‍ഘകാല യാത്രയ്ക്ക് ശേഷം റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാത്ത ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിലും പുറത്തുകടക്കുന്നതിലും ഭയപ്പെടേണ്ടതില്ല’ എന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഭാഗം. ഗ്രീന്‍ കാര്‍ഡുകള്‍ അവഗണിക്കുകയാണെങ്കില്‍ അത് അവകാശങ്ങളുടെ ലംഘനമാണെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രീന്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും യുഎസില്‍ വ്യക്തികളെ അവരുടെ നിയമപരമായ പദവി തെളിയിക്കാന്‍ അവസരം നല്‍കാതെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നത് ഉചിതമായ നടപടിക്രമങ്ങളുടെ ലംഘനമാണ്. എന്നാല്‍, ഒരു ഗ്രീന്‍ കാര്‍ഡോ വിസയോ ഉള്ള വ്യക്തി തുടര്‍ച്ചയായി 180 ദിവസം യുഎസിന് പുറത്താണെങ്കില്‍, തിരിച്ചെത്തുമ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അവകാശമുണ്ട്.

കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റിനുശേഷം നിരവധി ഗ്രീന്‍ കാര്‍ഡ് ഉടമകളില്‍ ആശങ്കകള്‍ ഇരട്ടിയായി. ഖലീല്‍ തന്റെ കോളേലിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു. ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നിട്ടും ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിട്ടും ഖലീല്‍ അറസ്റ്റിലാകുകയായിരുന്നു.

More Stories from this section

family-dental
witywide