മലപ്പുറം പരാമര്‍ശം : വെള്ളാപ്പള്ളിയ്‌ക്കെതിരെ പരാതി, മലപ്പുറത്തുകാര്‍ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പി.കെ. ബഷീര്‍

മലപ്പുറം : മലപ്പുറം ജില്ലയ്‌ക്കെതിരായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റാണ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കി. കൂടാതെ, എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും എടക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം നേരിടുന്ന സമയത്താണ് പരാതി.

മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന.

വിവാദ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീല്‍ എംഎല്‍എയടക്കം രംഗത്തെത്തിയിരുന്നു. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം’ എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീല്‍ ചോദിക്കുന്നു.

അതേസമയം, ഓന്തിനേപ്പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയേപ്പറ്റി നന്നായി അറിയാമെന്നും മലപ്പുറത്തുകാര്‍ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ. ബഷീറും പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലും വെള്ളാപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്‌പോരുകള്‍ നടക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide