കാൻസറിൻ്റെ ഉള്ളറ രഹസ്യം കണ്ടെത്തി മലയാളി ഗവേഷകൻ, വാഷിങ്ടണ്‍ ഡിസി എന്‍ഐഎച്ചിലെ ശാസ്ത്രജ്ഞനായ ഡോ. റോബിൻ്റെ കണ്ടെത്തൽ നിർണായകം

അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. ഭാവിയില്‍ ഫലപ്രദമായ അര്‍ബുദ ചികിത്സയ്ക്ക് വഴിതെളിക്കാവുന്ന ഈ പ്രധാന കണ്ടെത്തലിന്, കണ്ണൂര്‍ പൈസക്കരി സ്വദേശി ഡോ.റോബിന്‍ സെബാസ്റ്റ്യനാണ് നേതൃത്വം നല്‍കിയത്. നേച്ചര്‍ ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

വാഷിങ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി (എന്‍.ഐ.എച്ച്) ലെ ശാസ്ത്രജ്ഞനായ ഡോ. റോബിന്‍, അര്‍ബുദത്തിന്റെ ഈ ജനിതക രഹസ്യം കണ്ടെത്താന്‍ അഞ്ചുവര്‍ഷമാണ് ഗവേഷണം നടത്തിയത്. മറ്റ് 16 ഗവേഷകരുടെ സഹായവും ഉണ്ടായിരുന്നു.

കോശവിഭജന വേളയില്‍, ഡി.എന്‍.എ തന്മാത്രകള്‍ അവയുടെ നേര്‍പ്പകര്‍പ്പ് സൃഷ്ടിച്ച് പുനരുത്പാദനം നടത്തുന്നു. ഡി.എന്‍.എയ്ക്ക് കാര്യമായ തകരാര്‍ പറ്റിയാല്‍, അത് പരിഹരിക്കപ്പെടുംവരെ പുനരുത്പാദനം തടയപ്പെടുന്നു. കേടുമാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ കോശം നശിക്കുന്നു, ഒപ്പം ഡി.എന്‍.എയും. തകരാര്‍ പറ്റിയ ഡി.എന്‍.എ. നശിക്കുക എന്നത് പ്രകൃതിനിയമമാണ്.

ക്യാന്‍സര്‍ കോശങ്ങളുടെ കാര്യത്തില്‍ അത് തകിടംമറിയുന്നു. കേടുപറ്റിയ ഡി.എന്‍.എയും പെരുകുന്നു. അര്‍ബുദകോശങ്ങള്‍ പെരുകുന്തോറും ഡി.എന്‍.എയിലെ മ്യൂട്ടേഷനുകളും തകരാറുകളും വര്‍ധിക്കും, ക്യാന്‍സര്‍ കൂടുതല്‍ മാരകമാകും. ഇതിന്റെ കാരണം ശാസ്ത്രത്തിന് ഇതുവരെ അജ്ഞാതമായിരുന്നു. റോബിന്റെയും സംഘത്തിന്റെയും പഠനം അതിന്റെ ജനിതകരഹസ്യമാണ് അനാവരണം ചെയ്തത്. ഈ കണ്ടെത്തൽ അര്‍ബുദചികിത്സയ്ക്കുള്ള പുതിയ സാധ്യതയാണ് ഇത് തുറന്നുതരുന്നത്. ആ സാധ്യത പരിശോധിക്കുകയാണ് റോബിനും സംഘവും ഇപ്പോള്‍.

പയ്യാവൂരില്‍ പൈസക്കരി തെക്കേപുതുപ്പറമ്പില്‍ വീട്ടില്‍ ടി.ടി. സെബാസ്റ്റ്യന്റെയും റോസമ്മയുടെയും മകനാണ് റോബിന്‍. സാമൂഹികനീതി വകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് സെബാസ്റ്റ്യന്‍, റിട്ട.അധ്യാപികയാണ് റോസമ്മ. എന്‍.ഐ.എച്ചിലെ തന്നെ ജിനോമിക്‌സ് ഗവേഷകയായ ഡോ. സുപ്രിയ വര്‍ടക് ആണ് റോബിന്റെ ഭാര്യ, ഒന്നര വയസ്സുകാരി ആര്യ മകളും.

പത്താംക്ലാസ് വരെ പൈസക്കരി സ്‌കൂളില്‍ പഠിച്ച റോബിന്‍, പ്ലസ് ടുവിന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ചേര്‍ന്നു. ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജിലായിരുന്നു ബിരുദപഠനം. വിഷയങ്ങള്‍ – ബയോകെമിസ്ട്രി, ജനറ്റിക്‌സ്, ബയോടെക്‌നോളജി. അതിന് ശേഷം ബാംഗ്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ (IISc) ഇന്റഗ്രേറ്റഡ് പി.എച്ച്.ഡിക്ക് ചേര്‍ന്നു. എം.എസ്.സിക്ക് ബയോളജിക്കല്‍ സയന്‍സസ് പഠിച്ചു. അവിടെ, പയ്യന്നൂര്‍ സ്വദേശി ഡോ. സതീഷ് രാഘവന്റെ ബയോകെമിസ്ട്രി ലാബിലായിരുന്നു റോബിന്റെ പി.എച്ച്.ഡി. ഗവേഷണം.

Malayali researcher Dr. Robin discovers the inner secret of cancer

Also Read

More Stories from this section

family-dental
witywide