ന്യൂയോർക്കിൽ മലയാളി യുവാവിന് നേരെ അജ്ഞാതന്റെ ആക്രമണം

ന്യൂയോർക്ക്: കഴിഞ്ഞ വ്യാഴാഴ്‌ച ന്യൂയോർക്ക് സ്ട്രീറ്റ് 42 ലെ പോർട്ട് അതോറിറ്റി സബ്‌വേ സ്റ്റേഷനിൽ  മലയാളി യുവാവിന് നേരെ അജ്ഞാതന്റെ ആക്രമണം. ആക്ടിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോഷ്വ (29) എന്ന യുവാവിന് നേരെയാണ്  ആക്രമണം ഉണ്ടായത്.

സബ്‌വേ സ്റ്റേഷനിൽ ഫോണിൽ നോക്കി നടന്നുനീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അപരിചിതനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം ദേഹത്ത് ഒരു  നേരിയ കൂട്ടിമുട്ടൽ മാത്രമാണ് ഉണ്ടായത്. എന്നാൽ ജോഷ്വയ്ക്ക്  ആ അപരിചതനിൽ നിന്ന്  ഒരു ഇഷ്‌ടിക കൊണ്ട്  മുഖത്തടിച്ച പോലെയുള്ള ശക്‌തമായ ഒരടിയാണ് കിട്ടിയത്.

തിരിഞ്ഞു നോക്കിയപ്പോൾ അയാൾ നടന്നകലുന്നതും കണ്ടുവെന്ന് ജോഷ്വ പറയുന്നു. ഒടുവിൽ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാവുകയും പൊലീസ് അക്രമിയെ അറസ്‌റ്റ് ചെയ്ത് കേസെടുക്കുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ പക്കൽ ആയുധമുണ്ടായിരുന്നുവെന്ന്  പറഞ്ഞപ്പോൾ ഞെട്ടി പോയെന്നും ജോഷ്വ കൂട്ടിച്ചേർത്തു.