
കേരളത്തിൽ നിന്ന് അമേരിക്കൻ നാടുകളിലേക്കും യൂറോപ്പിലേക്കും ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ അതേപോലെ നമ്മൾ നേരിടുന്ന വംശീയ അധിക്ഷേപങ്ങളുടെയും അതിക്രമങ്ങളുടെയും വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അത്തരം വാർത്തകളുടെ മറ്റൊരു വശത്തെ കുറിച്ച് ബിനു കരോട്ടേൽ പൗലോസ് എന്ന പ്രവാസി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജോലിക്കും പഠനത്തിനുമായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ ആ നാടിന്റെ മര്യാദകൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്തുകയാണ് ബിനു പ്രവാസികളായ ഓരോരുത്തരെയും. ആ നാട്ടിലെ വിരുന്നുകാർ മാത്രമാണ് നമ്മൾ എന്ന യാഥാർഥ്യം നാം തിരിച്ചറിയണമെന്നുമാണ് ബിനു കുറിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
മര്യാദകൾ മറക്കപ്പെടുന്നുവോ??ഇവിടെ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ ഇനിയും വഷളാകാൻ ഇടയുണ്ട്. നാം കണ്ടതുപോലെ കൊച്ചു കുഞ്ഞുങ്ങൾ പോലും അതിന്റെ ഫലം അനുഭവിക്കണം.ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ പ്രവാസികളാണെന്ന യാഥാർഥ്യമാണ് .
ഇവിടെ നമ്മൾ വീട്ടുകാരല്ല വിരുന്നുകാരാണ്. ഐറിഷ് പാസ്പോർട്ട് എന്നൊക്കെ പറയുന്നത് ഒരു ഔപചാരികത മാത്രം. വീട്ടുകാരുടെയത്ര സ്വാതന്ത്ര്യം വിരുന്നുകാർക്കില്ല എന്നത് സ്വയം തിരിച്ചറിയേണ്ടത് വീട്ടുകാരല്ല വിരുന്നുകാരാണ്. അല്ലെങ്കിൽ അപമാനവും അവഹേളനവും അപകടവും ദൂരത്തല്ല.കലാകാലങ്ങളായി ഈ ജനത അവരുടെ ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഒരു നിലവാരമുണ്ട്.
വൃത്തിയുടെ കാര്യത്തിൽ, ഡ്രൈവിങ്ങിന്റെ കാര്യത്തിൽ, മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തിൽ, ഭക്ഷണരീതികളുടെ കാര്യത്തിൽ, പൊതുസ്ഥലത്തെ പെരുമാറ്റത്തിന്റെ കാര്യത്തിൽ, രാഷ്ട്രീയത്തിൽ, വരി നിൽക്കുന്ന കാര്യത്തിൽ..അങ്ങനെയെന്തെല്ലാം. നമ്മൾ മൂലം അത് ഒന്നൊന്നായി ഇല്ലാതാകുമ്പോൾ അവരുടെ അഭിമാനവും സ്വസ്ഥതയും വ്രണപ്പെടുമെന്നത് സ്വഭാവികമായ ഒരു വസ്തുത മാത്രം.
നമ്മുടെ സംസ്കാരത്തെ പൂർണമായും ഉപേക്ഷിക്കുക എന്നത് ചിന്തിക്കാനാവില്ല. എങ്കിലും പ്രവാസത്തെ പുണർന്നവർ എന്ന നിലയിൽ നമ്മുടെ ചില രീതികളെ പൂർണമായോ ഭാഗികമായെങ്കിലുമോ ഉപേക്ഷിക്കാതെ, ഞാൻ ഇങ്ങനെയേ ജീവിക്കൂ എന്നു വാശിപിടിച്ചാൽ ഫലം അനുഭവിക്കേണ്ടി വരുന്നത് മര്യാദക്കു ജീവിക്കുന്ന നിരപരാധികൾ കൂടിയായിരിക്കും.
ഈയിടെ ഒരു എസ്റ്റേറ്റിൽ മദ്യപിച്ചു ലക്കുകെട്ട ഒരു മലയാളി പാർക്കിംഗ് ഏരിയയിൽ നിന്ന് നിയന്ത്രണം വിട്ട കാറുമായി കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മൈതാനത്തിലൂടെ ഓടിച്ച് ഭാഗ്യം കൊണ്ടുമാത്രം ആരെയും ഇടിക്കാതെ നിന്നു. എവിടെയാണ് താമസിക്കുന്നതെന്നു ചോദിച്ചപ്പോൾ അതുപോലും അയാൾക്ക് പറയാനാവുന്നില്ല. അവിടെ താമസിക്കുന്ന എല്ലാ മലയാളികളും അയാളുടെ ഈ മോശം പ്രവൃത്തിയാൽ വിലയിരുത്തപ്പെടുമെന്നതിൽ ആർക്കാണ് സംശയം?
1,ജോലിസ്ഥലത്ത് മീൻ വറുത്തതും സാമ്പാറും കൂട്ടിക്കുഴച്ച് കൈകൊണ്ടു വാരി കഴിക്കുന്നത് കണ്ടാൽ നമുക്ക് നാവിൽ വെള്ളമൂറും. എന്നാൽ ഇവിടത്തുകാരിൽ അതുണ്ടാക്കുന്നത് ഓക്കാനവും കലിയുമാണെന്നത് ഓർത്താൽ നമുക്ക് നന്ന്.
2,ഇവിടത്തെ ഡ്രൈവിങ്ങിന്റെ സാമാന്യ നിയമങ്ങൾ പോലും മനസ്സിലാക്കാതെ വണ്ടിയുമെടുത്ത് റോഡിലേക്കിറങ്ങുന്ന മലയാളികളും ഓർക്കുക, മുഴുവൻ മലയാളി സമൂഹത്തെയുമാണ് നമ്മൾ വിലകുറഞ്ഞവരാക്കുന്നത്. സീബ്രാ ലൈനുകളെയും കാൽനടക്കാരെയും അല്പം പോലും മാനിക്കാത്ത ഡ്രൈവിംഗ് സംസ്കാരം നമുക്ക് ഉപേക്ഷിക്കാം. പ്രത്യേകിച്ച് കാത്തുനിൽക്കാൻ അല്പം പോലും ക്ഷമയില്ലാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം നമ്മുടെ രക്തത്തിൽ ഉണ്ട്. അതുപോലെ കുഞ്ഞുങ്ങളെ മടിയിൽ ഇരുട്ടി യാത്ര ചെയ്യുക, പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്തു തന്നെ പാർക്ക് ചെയ്യുക തുടങ്ങിയ കലാപരിപാടികൾ നമുക്കിടയിൽ സർവ്വ സദ്ധാരണമാവുകയാണ്. ഇവിടെയുള്ളവർ ഡ്രൈവിങ്ങിൽ കാണിക്കുന്ന മാന്യതയും മര്യാദയും അവർ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്.
3, കൂട്ടം കൂടി സംസാരിച്ച് നടന്നു പോകുന്ന ഒരുകൂട്ടം മലയാളി ചെറുപ്പക്കാർ. എതിരെ വരുന്ന ഒരു പ്രായമായ സ്ത്രീയെ പരിഗണിക്കുകപോലും ചെയ്യാതെ നടപ്പു തുടരുകയാണ്. അരികിലേക്ക് മാറി ഒതുങ്ങി നിൽക്കേണ്ടി വരുന്ന ആ സ്ത്രീയുടെയുടെയുള്ളിൽ നുരഞ്ഞുപൊന്തുന്ന വിപരീത വികാരം സ്ഫോടനാത്മകമാണെന്ന് മറക്കാതിരിക്കുക
4,പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ബസുകൾ ,ബസ്സ് സ്റ്റോപ്പുകൾ,ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് ഉച്ചത്തിൽ മലയാളം പറയുന്നവരേ, വേണമെങ്കിൽ നിങ്ങൾക്ക് പറയാം അതെന്റെ സ്വതന്ത്ര്യമാണെന്ന്. മനസ്സിലാക്കുക, അപമര്യാദയാണ് അപകടമാണ്.
5, വർദ്ധിച്ചു വരുന്ന ആഘോഷങ്ങളാണ് മറ്റൊന്ന്. മലയാളി മഹാ സംഗമങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിലും കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളിലും ( നമ്മുടെ ഒരു സ്വര സംസ്കാരമാണത്) പെട്ടു പോകുന്ന ഓരോ സ്വദേശിയുടെ ഉള്ളിലും വിപരീത വികാരത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ട്.
6, റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഒരാൾക്കായി വണ്ടി നിർത്തിക്കൊടുത്തു. നന്ദി സൂചകമായി ഒന്നു നോക്കുകയോ കൈ വീശി കാണിക്കാതെയോ ആ വ്യക്തി റോഡ് മുറിച്ചു കടന്നു പോയാൽ മിക്കവാറും ഉറപ്പിച്ചോളൂ അതൊരു മലയാളി ആണ്. അത് കാണുന്ന മലയാളിയായ എനിക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ ഇവിടത്തുകാർക്ക് ദേഷ്യം എത്രത്തോളമെന്ന് ഊഹിക്കുക.
7,ഇവിടത്തെ കുട്ടികൾ സ്വൈര വിഹാരം നടത്തിക്കൊണ്ടിരുന്ന ചിൽഡ്രൻസ് പാർക്കുകളിൽ നമ്മുടെ കുട്ടികളും ഇപ്പോൾ ധാരാളമായി കളിക്കുന്നുണ്ട്. ഊഴം കാത്തുനിന്ന് ഓരോ റൈഡിലും കയറുക എന്ന സാമാന്യ മര്യാദ നമ്മുടെ കുട്ടികൾ കാണിക്കുന്നുണ്ടെന്ന് പ്രിയ മാതാപിതാക്കളേ നിങ്ങൾ ശ്രദ്ധിക്കണം. പല കളിസ്ഥലങ്ങളിലും ഇന്ന് സർവസാധാരണമായി കാണുന്ന ഒരു മര്യാദലംഘനമാണിത്
8,ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ നിബന്ധനകൾ പാലിക്കാതെ പൊതു ഇടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യപ്പെടുകയും അത് പിടിക്കപ്പെടുകയും ചെയ്യുമ്പോൾ അതിൽ പാരവയ്പ്പ് എന്ന്പറഞ്ഞ് കലഹിക്കുന്നതിലുപരി ഒരു നിയമലംഘനം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. നമുക്ക് ശ്രദ്ധിക്കാം. നമ്മുടെ വിലയല്ലേ ഇടിയുന്നത്.
9, മുത്തുക്കുടകളും പട്ടുസാരിയും വെള്ളമുണ്ടും ഉണ്ടെങ്കിലേ നമ്മുടെ പെരുന്നാളുകൾ പൂർണമാകൂ എന്ന ചിന്തയും ഉപേക്ഷിക്കേണ്ടതാണ്. ആത്മീയതയും വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം ബാഹ്യ പ്രകടനങ്ങൾ ഇവിടെയുള്ളവർക്ക് അല്പം പോലും ദഹിക്കുന്നില്ല എന്നു മാത്രമല്ല അവിടെയൊരു അസഹിഷ്ണുത വളരുന്നുമുണ്ട് എന്ന് തിരിച്ചറിയാതെ പോയാൽ അവിടെയും നാം ഒറ്റപ്പെടും. സംശയമില്ല. പിന്നെ ഇത്തരം കാര്യങ്ങൾ കാണുന്നവർ അവരുടെ സ്വതവേയുള്ള ശീലം കൊണ്ട്, മനോഹരം അവിശ്വസനീയം എന്നൊക്കെ പറയുമെന്നു മാത്രം. മുത്തുക്കുടകളും പട്ടുചേലയും ആളുകൾ കുറഞ്ഞ അകവാതിൽ പരിപാടികളിലേക്ക് തൽക്കാലത്തേക്കെങ്കിലും ഒതുക്കണം.
10, അല്പമെങ്കിലും പിന്തുണ കിട്ടാൻ സാധ്യതയുണ്ടായിരുന്ന ദേവാലയങ്ങളിൽ നിന്നും നമ്മൾ പൂർണമായും അകലുകയാണ്. വിചിന്തനം നല്ലതായിരിക്കും. മലയാളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ആരാധനാലയങ്ങളിൽ നിന്നും മാറി , നമുക്ക് നമ്മുടെ രീതികൾ മാത്രം മതി എന്ന മട്ടിൽ ചിന്തിക്കുന്നതിന്റെ പോരായ്മകൾ നാം മനസിലാക്കി വരുമ്പോഴേക്കും സമയം ഒരുപാട് കടന്നു പോയിരിക്കും.
11, പകർച്ച വ്യാധി പോലെ പടരുന്ന റീൽസ് സംസ്കാരമാണ് മറ്റൊരു ഭീഷണി. ജോലി സ്ഥലത്തും നടുറോഡിലും നഗരമധ്യത്തിലും പാർക്കിലും എന്നുവേണ്ട സകലയിടത്തും അന്യന്റെ സൗകര്യത്തെ അല്പം പോലും മാനിക്കാതെ മലയാളം പാട്ടും വച്ച് ഇന്ത്യൻ വസ്ത്രങ്ങളും അണിഞ്ഞ് ആടിപ്പാടുന്ന റീൽസ് നിർമ്മാതാക്കളേ……പ്ലീസ് . ലീഡിലിലും ടെസ്കോയിലും കയറി, ഓരോന്നു വാങ്ങി അത് ഉയർത്തിപ്പിടിച്ച് ആരെയും ഗൗനിക്കാതെ ഹലോ ഗെയ്സ് ഞാൻ നാളത്തെ ബ്രേക്ക് ഫാസ്റ്റിന് ഇതാണ് വാങ്ങാൻ പോകുന്നത് ട്ടോ. നല്ലതാണ് ട്ടോ എന്ന രീതിയിൽ ചെയ്യപ്പെടുന്ന റീൽസ് കാണുന്നവർക്കും ആ കടയിലുള്ളവർക്കും ഉണ്ടാക്കുന്ന ഇഷ്ടക്കേട് പ്രിയപ്പെട്ട റീൽസ് മലയാളികളേ നമ്മൾ തിരിച്ചറിയുകതന്നെ വേണം.
12, പത്തോ ഇരുപതോ അടി അകലെ മാറി പെഡസ്ട്രിയൻ ക്രോസിംഗ് ഉണ്ടെന്നിരിക്കെ വണ്ടിയുടെ ഒഴിവു നോക്കി , അതും ഹെഡ് ഫോണും വച്ച് അരുതാത്ത സ്ഥലത്തു കൂടി റോഡ് മുറിച്ചു കടക്കുന്ന മലയാളി യുവതീയുവാക്കളെക്കൊണ്ട് റോഡുകൾ നിറഞ്ഞിരിക്കുന്നു. ഇതു കാണുന്ന സ്വദേശികൾ നമ്മളെ വെറുക്കും.തീർച്ച. ഫലം അനുഭവിക്കുന്നതോ ആറും ഏഴും വയസുള്ള കുഞ്ഞുങ്ങളും.
13, സമയ നിഷ്ഠയാണ് മറ്റൊന്ന്. പിറന്നാളുകൾ ,ആദ്യകുർബാന തുടങ്ങിയ പരിപാടികൾക്ക് ഹാളുകൾ ബുക്ക് ചെയ്ത സമയം കഴിഞ്ഞും സോറി സോറി എന്ന് പറഞ്ഞ് സമയം വീണ്ടും വീണ്ടും നീട്ടുകയും വേസ്റ്റ് അവിടെത്തന്നെ തള്ളി പോവുകയും ചെയ്തു ചെയ്ത് മലയാളി എന്ന് കേട്ടാൽ എല്ലാ ഹാളുകളുടെയും വാതിൽ അടഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
14, കാർ ബൂട്ട് ബാറുകളാണ് മലയാളികളെ മുച്ചൂടും നാണം കെടുത്തുന്ന മറ്റൊരു കാര്യം. ഏതൊരു ആഘോഷം നടന്നാലും ജീവിതത്തിൽ ഒരിക്കലും മദ്യം കാണാത്തത്ര ആവേശത്തോടെ കാറിന്റെ ഡിക്കി തുറന്നു വച്ച് നടത്തുന്ന മദ്യശാലകൾ മലയാളികളെ എത്രമാത്രം അപമാനിതരാക്കിയിട്ടുണ്ടെന്നത് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടിക്കൊണ്ടിരുന്ന എത്രയോ ഹാളുകൾ ഈ ഒരൊറ്റ കാരണത്താൽ നമുക്ക് കിട്ടാതായി.
15, ഇന്ത്യൻ വാദ്യ സംഗീത ഉപകരണങ്ങളുടെ രാജാവ് എന്നാണ് ചെണ്ടയെ വിളിക്കുന്നത്. ശബ്ദം ഏറ്റവും കൂടുതൽ അകലേക്ക് കേൾപ്പിക്കാൻ സാധിക്കുന്ന ഉപകരണം ആയതുകൊണ്ടാണ് ചെണ്ടയെ അങ്ങനെ വിളിക്കുന്നത്. അയർലൻഡിനെ സംബന്ധിച്ചിടത്തോളം മലയാളികൾ എവിടെ ഒരുമിച്ചു കൂടിയാലും ചെണ്ട ഇല്ലാതെ പറ്റില്ല എന്ന സ്ഥിതി ആയിരിക്കുന്നു. ഇതുണ്ടാക്കുന്ന താളസുഖം ആസ്വദിക്കുന്നത് നമ്മൾ മാത്രമാണ്. ഇവിടത്തുകാർക്ക് അതൊരു ശബ്ദ മലിനീകരണം തന്നെയാണ്. പൊതുസ്ഥലത്ത് ശബ്ദമുണ്ടാക്കുന്നത് അങ്ങേയറ്റം വെറുക്കുന്ന ഒരു ജനത ജീവിക്കുന്ന രാജ്യമാണിതെന്ന് നമുക്ക് മറക്കാതിരിക്കാം.
16, ജോലി സ്ഥലത്തെ മലയാളം സംസാരമാണ് മറ്റൊന്ന്. സംസ്കാര ശൂന്യതയാണ്. തിരുത്തപ്പെടേണ്ടതാണ്.ഇതുപോലെ ഇനിയും എത്രയോ കാര്യങ്ങൾ…..
പ്രിയപ്പെട്ടവരേ നമ്മുടെ സംസ്കാരത്തിന്റെ നല്ല വശങ്ങളെയോർത്ത് നമുക്ക് അഭിമാനിക്കാം. പക്ഷേ ആ സംസ്കാരവുമായി തികച്ചും വ്യത്യസ്തമായ ഒരു ഇടത്തിലാണ് നാം ഉള്ളത്. ഏതൊരാൾക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ തക്ക ഒരു സാംസ്കാരിക വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്തു തന്നെയാണ് നാം ജീവിക്കുന്നത്. അല്പം കൂടി ആ രീതികളെ മനസിലാക്കാനും ജീവിക്കാനും നമുക്ക് ശ്രമിക്കാം.