വിജയം ആഘോഷിച്ചത് ധൂം മച്ചാലെയ്‌ക്കൊപ്പം, ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ഐക്കോണിക് പോസില്‍ ; ആകെമൊത്തം ബോളിവുഡ് മയത്തിലാണ് മംദാനി

ന്യൂയോർക്ക് : ബ്രിട്ടീഷ് പത്രപ്രവർത്തകൻ മെഹ്ദി ഹസനുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിനിടെ ഷാരൂഖ് ഖാന്റെ ഐക്കോണിക് പോസ് അനുകരിച്ച് ന്യൂയോർക്കിൻ്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനി. മംദാനി തന്റെ പരിവർത്തനത്തെക്കുറിച്ചും രാഷ്ട്രീയ സമ്മർദ്ദങ്ങളെക്കുറിച്ചും ബോളിവുഡ് സംഗീതത്തോടുള്ള തൻ്റെ ഇഷ്ടത്തെക്കുറിച്ചും തുറന്നു പറയുന്നതനിടെയാണ് ഷാറൂഖിൻ്റെ ഐക്കോണിക് പോസിലേക്ക് വേഷപ്പകർച്ച നടത്തിയത്. കൈകൾ വിരിച്ചുപിടിച്ച് ശരീരം അല്പം ചെരിച്ച് മംദാനി പുഞ്ചിരിച്ചുകൊണ്ടാണ് മെഹ്ദി ഹസനെ ഇത് കാട്ടിക്കൊടുക്കുന്നത്.

സത്യം പറയട്ടെ, മംദാനിയുടെ വിജയാഘോഷത്തിലെ സ്പീക്കറുകളിൽ നിന്ന് ‘ധൂം മച്ചാലെ’ എന്ന ഗാനം കേട്ടതുമുതൽ നാമെല്ലാവരും ആശ്ചര്യപ്പെടുന്നു, തിരഞ്ഞെടുക്കപ്പെട്ട മേയർ ഒരു ബോളിവുഡ് സംഗീത പ്രേമിയാണോ എന്ന്, അതിനാൽ ഞങ്ങൾ അദ്ദേഹത്തോട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കുമെന്ന് അവതാരകൻ പറയുന്നുണ്ട്. ഷാരൂഖ് ഖാൻ്റെ ഛയ്യ..ഛയ്യ പോലുള്ള ഗാനങ്ങളെക്കുറിച്ച് സംസാരിച്ച മംദാനി തുടർന്നാണ് ഷാരൂഖിൻ്റെ ഐക്കോണിക് പോസും അനുകരിച്ചത്. ഈ വർഷം ജൂണിൽ തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തനിടെയും മംദാനി ഷാരൂഖിൻ്റെ പ്രശസ്തമായ ഈ പോസ് അനുകരിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബോളിവുഡ് സിനിമകളോടും ഗാനങ്ങളോടും മംദാനിക്കുള്ള താത്പര്യം അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് വിജയ ദിനത്തിൽ കണ്ടതാണ്. ധൂം മച്ചാലെ എന്ന ബോളിവുഡിൻ്റെ സെൻസേഷണൽ പാട്ടായിരുന്നു മംദാനി അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ ന്യൂയോർക്കിലെ വേദിയിൽ നിറഞ്ഞുകേട്ടത്. അമേരിക്കൻ മാധ്യമങ്ങളും ഇന്ത്യൻ മാധ്യമങ്ങളുമടക്കം ഇത് ചർച്ചയാക്കുകയും ചെയ്തു.

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍.

Mamdani imitated Shah Rukh Khan’s iconic pose.

More Stories from this section

family-dental
witywide