
ന്യൂയോർക്ക്: നിയുക്ത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൻ എറിക് ട്രംപ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ്-അമേരിക്കൻ മാധ്യമപ്രവർത്തകൻ മെഹ്ദി ഹസൻ. മംദാനിക്ക് ഇന്ത്യൻ ജനതയോടും യഹൂദ സമൂഹത്തോടും വിരോധമുണ്ട് എന്ന എറിക് ട്രംപിന്റെ പ്രസ്താവനയാണ് വിമർശനങ്ങൾക്ക് കാരണമായത്. സമീപകാലത്തെ ഒരു അഭിമുഖത്തിനിടെയാണ്, ഡെമോക്രാറ്റ് നേതാവ് സൊഹ്റാൻ മംദാനിയെ എറിക് ട്രംപ് ഇന്ത്യൻ ജനതയെ വെറുക്കുന്നയാൾ എന്ന് വിശേഷിപ്പിക്കുകയും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തുകയും ചെയ്തത്. ഇന്ത്യൻ വംശജനായ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നു എന്ന വാദത്തെയാണ് മെഹ്ദി ഹസൻ ചോദ്യം ചെയ്തത്.
എറിക് ട്രംപിന്റെ അഭിമുഖത്തിന്റെ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് മെഹ്ദി ഹസൻ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു: “സൊഹ്റാൻ മംദാനി ഇന്ത്യക്കാരനാണ്. അതുകൊണ്ടാണ് എറിക്കിനെ അവർ മണ്ടന്മാരിലെ മണ്ടൻ എന്ന് വിളിക്കുന്നത്.” ഹൈദരാബാദിൽ വേരുകളുള്ള മാതാപിതാക്കളുടെ മകനാണ് മെഹ്ദി ഹസൻ. മംദാനിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് നേരെയും എറിക് ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പ്രചാരണ വേളയിൽ നടത്തിയ പ്രസ്താവന ഇതിൽ ഉൾപ്പെടുന്നു.
















