ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറും ദക്ഷിണേഷ്യൻ മേയറുമായ സോഹ്റാൻ മംദാനിയുടെ വിജയം ആഘോഷമാക്കി ന്യൂയോർക്കിലെ ദക്ഷിണേഷ്യക്കാർ. വിജയത്തിന് ശേഷമുള്ള മംദാനിയുടെ പ്രസംഗം കേൾക്കാനായി നിരവധി പേരാണ് ക്വീൻസ് ജാക്സൺ ഹൈറ്റ്സിലെ പ്രസിദ്ധമായ ‘കബാബ് കിംഗ്’ റസ്റ്റോറന്റിൽ ഒത്തുകൂടിയത്. പ്രസംഗം ആരംഭിച്ചപ്പോൾ ഏവരും നിശബദമായിരുന്ന് മംദാനിയുടെ ഓരോ വാക്കും ശ്രദ്ധിച്ചു.
“ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും, കുടിയേറ്റക്കാർ നിർമ്മിച്ച, കുടിയേറ്റക്കാർ കൊണ്ട് മുന്നേറുന്ന, ഇന്നുമുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം — അതാണ് ന്യൂയോർക്ക്,” എന്ന് മംദാനിയുടെ വിജയ പ്രസംഗത്തിലെ വാക്കുകൾ കേട്ടപ്പോൾ റസ്റ്റോറന്റിലെ ഏവരും കരഘോഷം മുഴക്കി. “ഇവിടെ അദ്ദേഹം പലപ്പോഴും വന്നിട്ടുണ്ട്. ഞങ്ങൾക്ക് അഭിമാനമാണ്,” എന്ന് റസ്റ്റോറന്റ് ഉടമ ഷാരൂഖ് അലി പറഞ്ഞു.
മംദാനിയുടെ വിജയം പ്രതിനിധിത്വത്തിന്റെ നിമിഷമാണെന്ന് വോട്ടർമാരിൽ പലരും പറഞ്ഞു. അദ്ദേഹം ജനങ്ങളുടെ മനുഷ്യനും ന്യൂയോർക്കിന്റെ ആത്മാവുമാണെന്ന് 21 കാരിയായ സമേഹ ജമാൽ പറഞ്ഞു. “ഒരു മുസ്ലിം, ദക്ഷിണേഷ്യൻ, സോഷ്യലിസ്റ്റ് നേതാവ് ന്യൂയോർക്കിൽ മേയറാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതാണ് യുവതലമുറയുടെ പുതിയ ദിശ,” എന്ന് വോട്ടറായ സെഹ്‌റിഷ് മുനീറും പറഞ്ഞു.
ജാക്സൺ ഹൈറ്റ്സ് ന്യൂയോർക്കിലെ ഏറ്റവും വൈവിധ്യമാർന്ന പ്രദേശങ്ങളിലൊന്നാണ്. ഇവിടെ 64 ശതമാനം പേരും മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരാണ്. 32 ശതമാനം ഏഷ്യക്കാരാണ് ഇവിടെ താമസിക്കുന്നത്. ന്യൂയോർക്കിന്റെ മത, സാംസ്കാരിക വൈവിധ്യത്തെ ആഘോഷമാക്കുന്നതായിട്ടാണ് നഗരം മംദാനിയുടെ വിജയത്തോടെ സ്വീകരിച്ചത്.
‘Mamdani Mubarak!’: South Asians in New York celebrate Mamdani’s victory










