
കാർ മോഷണം പോയതോടെ അതേ മോഡല്‍ കാർ തന്നെ 22 ലക്ഷം രൂപ കൊടുത്ത് വാങ്ങി. എന്നാൽ കാർ വാങ്ങിയ യുവാവ് ഒന്ന് ഞെട്ടി. 22 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ കാർ തന്റെ മോഷണം പോയ അതേ കാർ തന്നെയായിരുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹുള്ളില്‍ ആണ് സംഭവം. 36 കാരനായ ഇവാൻ വാലന്റൈൻ ആണ് ഇത്തരത്തില്‍ ഒരു വൻ അബദ്ധത്തിൽ പെട്ടത്.
ഫെബ്രുവരി 28 -ന് രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് തന്‍റെ 2016 മോഡല്‍ ഹോണ്ട സിവിക് ഇവാന് നഷ്ടമായത്.
ഉടൻതന്നെ പോലീസിനെയും ഇൻഷുറൻസ് കമ്പനിയെയും അറിയിച്ചു. അന്വേഷണങ്ങള്‍ എങ്ങും എത്താതായതോടെ പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ചു. പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയ ഇദ്ദേഹം തന്‍റെ മോഷണം പോയ കാറിൻ്റെ അതേ മോഡലായ മറ്റൊരു കാർ കാണുകയായിരുന്നു. കറുത്ത ഹോണ്ട സിവിക് കാറായിരുന്നു അത്. മോഷണം പോയ കാറും അതേ മോഡല്‍ തന്നെ. അങ്ങനെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം ആ കാർ വാങ്ങി.
പുതിയതായി വാങ്ങിയ കാറുമായി വീട്ടിലെത്തിയ വാലന്‍റൈന് അധികം വൈകാതെ ഒരു കാര്യം മനസിലായി. മോഷണം പോയ തന്‍റെ കാർ തന്നെയാണ് താൻ വീണ്ടും വാങ്ങിയത്. കാറിന്‍റെ ബില്‍റ്റ്-ഇൻ നാവിഗേഷൻ സിസ്റ്റത്തില്‍ തന്‍റെയും മാതാപിതാക്കളുടെയും പഴയ വിലാസങ്ങള്‍ രേഖപ്പെടുത്തി ഇരിക്കുന്നത് കണ്ടെത്തിയതും അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി. ആ സത്യം തിരിച്ചറിഞ്ഞതോടെ താനാകെ തകർന്ന് പോയി എന്നാണ് വാലന്‍റൈൻ പറയുന്നത്. തുടർന്ന് സോളിഹുള്ളിലെ ഒരു ഹോണ്ട ഗാരേജില്‍ എത്തിച്ച് ടെക്നീഷ്യൻമാരുടെ സഹായത്തോടെ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചു. സംഗതി പോലീസില്‍ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല. കാരണം തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായിട്ടായിരുന്നു കുറ്റവാളികള്‍ ആ പരിപാടി നടത്തിയതെന്നത്.