
ഫ്ലോറിഡ: ഫ്ലോറിഡയിൽ സ്രാവിന്‍റെ കടിയേറ്റ ഒമ്പത് വയസ്സുകാരിയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ യുവാവ് നാടുകടത്തൽ ഭീഷണി നേരിടുന്നു. ആക്രമണം നടന്ന് ദിവസങ്ങൾക്കകം ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. മിയാമിയിൽ നിന്ന് ഏകദേശം 140 മൈൽ വടക്ക് പടിഞ്ഞാറ് ഫ്ലോറിഡയിലെ ലീ കൗണ്ടിയിലുള്ള ലെഹി ഏക്കേഴ്‌സിൽ നിന്നുള്ള 31-കാരനായ ലൂയിസ് അൽവാരസ് ആണ് അറസ്റ്റിലായത്. ജൂൺ 14ന് പുലർച്ചെ 1:30-ന് ഹെഡ്‌ലൈറ്റുകൾ ഇടാതെ വാഹനം ഓടിച്ചതിനാണ് പൊലീസ് ഇയാളെ തടഞ്ഞുനിർത്തിയതെന്ന് പറയുന്നു.
ചാരനിറമുള്ള എസ്.യു.വി.യാണ് ഇയാൾ ഓടിച്ചിരുന്നത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ആണ് ഇയാളെ ജയിലിൽ തടഞ്ഞുവെച്ചിരിക്കുന്നത്. ജൂലൈ 9-ന് ഇയാളെ ഒരു ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത ദിവസം പുലർച്ചെ ഏകദേശം 1:30-ന് ഹെഡ്‌ലൈറ്റുകൾ ഇടാതെ കാറോടിച്ചതിനാണ് അൽവാരസിനെ പോലീസ് തടഞ്ഞുനിർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈസൻസ് ചോദിച്ചപ്പോൾ, അൽവാരസ് തന്‍റെ എംപ്ലോയ്‌മെന്‍റ് ഓതറൈസേഷൻ കാർഡിന്‍റെ ചിത്രം ഫോണിൽ കാണിച്ചു. രണ്ടര വർഷമായി താൻ ഈ രാജ്യത്തുണ്ടെന്നും ഇതുവരെ ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടില്ലെന്നും സ്പാനിഷ് ഭാഷയിൽ ഇയാൾ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനോട് പറഞ്ഞതായി അറസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.











