
ഫ്ലോറിഡ: റോയൽ കരീബിയൻ ക്രൂയിസ് കപ്പലിലെ ഒരു ജീവനക്കാരൻ സഹപ്രവർത്തകയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം കടലിൽ ചാടി മരിച്ചു. ബാഹാമസിനു സമീപം വ്യാഴാഴ്‌ച രാത്രി 7.30 ഓടെ കടലിൽ വച്ചാണ് സംഭവം. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കൺ ഓഫ് ദി സീസ്’ എന്ന ക്രൂയിസ് കപ്പലിലാണ് ഈ സംഭവം നടന്നത്.
റോയൽ ബാഹാമസ് പൊലീസിൻ്റെ റിപ്പോർട്ട് പ്രകാരം 35 വയസ്സുള്ള ദക്ഷിണാഫ്രിക്കൻ പുരുഷനാണ് 28 വയസ്സുള്ള സഹപ്രവർത്തകയെ പല തവണ കുത്തിയതെന്നാണ്. ആക്രമണത്തിന് ശേഷം കപ്പലിൽ നിന്ന് കടലിലേക്ക് ചാടിയ ഇയാളെ ഉടൻ തന്നെ കപ്പലിലെ ജീവനക്കാർ തിരച്ചിൽ നടത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കപ്പലിലെ മെഡിക്കൽ സംഘം ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. ശരീരത്തിന്റെ മുകൾഭാഗത്ത് കുത്തേറ്റ വനിതാ ജീവനക്കാരിക്ക് കപ്പലിലെ മെഡിക്കൽ ടീം അടിയന്തര ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി ഇവരെ മയാമിയിലേക്ക് മാറ്റി. നിലവിൽ ഇവരുടെ നില തൃപ്തികരമാണെന്ന് റോയൽ കരീബിയൻ വൃത്തങ്ങൾ അറിയിച്ചു.