
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമായി ട്രംപ് ഭരണകൂടം രാജ്യവ്യാപകമായി നടത്തിവരുന്ന ഐസിഇ റെയ്ഡുകളെ രൂക്ഷമായി വിമർശിച്ച് നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. ഫെഡറൽ ഇമിഗ്രേഷൻ റെയ്ഡുകൾ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും ഇതിലൂടെ പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നുവെന്നും മംദാനി ചൂണ്ടിക്കാട്ടി.
വാരാന്ത്യത്തിൽ ലോവർ മാൻഹട്ടനിൽ ഫെഡറൽ ഏജന്റുമാരുടെ റെയ്ഡിനെതിരെ വലിയ പ്രതിഷേധം ഉയരുകയും പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ഒരു ഡസനിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മംദാനിയുടെ പ്രതികരണം എത്തിയത്.
തിരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തന്റെ കൂടിക്കാഴ്ചയിലും റെയ്ഡുകൾ ഗുണകരമാകുന്നില്ലെന്ന് താൻ അദ്ദേഹത്തെ അറിയിച്ചതായി മംദാനി തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇത്തരം റെയ്ഡുകൾ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഞാൻ പ്രസിഡന്റിനെ കണ്ടപ്പോൾ വ്യക്തമാക്കി, അവ പൊതു സുരക്ഷയ്ക്ക് ഗുണകരമായ ഒന്നും ചെയ്യുന്നില്ല. ഈ നഗരത്തെ അവരുടെ വീടെന്ന് വിളിക്കുന്ന ഓരോ വ്യക്തിയുടെയും മേയറായിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം, ഒരു ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരിൽ ഞാനും ഉൾപ്പെടുന്നു,” മംദാനി പറഞ്ഞു.
ആക്രമണാത്മക ഫെഡറൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ ന്യൂയോർക്കിലെ കുടിയേറ്റ സമൂഹങ്ങളോടൊപ്പം താനും പോരാടുമെന്ന് പ്രചാരണ വേളയിൽ മംദാനി വാദ്ഗാനം ചെയ്തിരുന്നു. ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം, ദക്ഷിണേഷ്യൻ മേയറായി അടുത്ത മാസം സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് മംദാനി.
Mandani strongly criticizes ICE raids.









