
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ മുസ്ലീം മേയറുമായ സൊഹ്‌റാൻ മംദാനി ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി കാരണങ്ങളാൽ അദ്ദേഹത്തിന്റെ ചരിത്രപരമായ അധികാരമേൽക്കൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും, പ്രാഥമിക സത്യപ്രതിജ്ഞാ ചടങ്ങിനായി മംദാനി തിരഞ്ഞെടുത്ത അസാധാരണമായ സ്ഥലമാണ് ഏറ്റവും പ്രധാനം.
ന്യൂയോർക്ക് സിറ്റിയുടെ 112-ാമത് മേയറാകുന്ന മംദാനി ഉപേക്ഷിക്കപ്പെട്ട ഒരു ഭൂഗർഭ, സബ്‌വേ സ്റ്റേഷനാണ് സത്യപ്രതിജ്ഞ ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സിറ്റി ഹാളിന് താഴെ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ “ഒരു പുതിയ യുഗത്തിന്റെ വരവിനെ” പ്രതീകാത്മകമായി പ്രതിധ്വനിപ്പിക്കുന്നുവെന്നാണ് മംദാനിയുടെ വാദം.
ന്യൂയോർക്ക് നഗരത്തിന്റെ ജീവനാഡിയായ സബ്‌വേ സംവിധാനം സാധാരണക്കാരായ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. ഈ ഉപേക്ഷിക്കപ്പെട്ട സ്റ്റേഷൻ തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ നഗരം കാണിച്ച ധീരതയുടെ സ്മാരകമാണെന്ന് മംദാനി വിശ്വസിക്കുന്നതിനാലാണ് സത്യപ്രതിജ്ഞയുടെ ഇടം ഇവിടെ ഒരുങ്ങുന്നത്. നഗരത്തിലെ ആദ്യത്തെ സബ്‌വേ സ്റ്റേഷനുകളിൽ ഒന്നായ ഇവിടം തിരഞ്ഞെടുക്കുന്നത് വഴി ഒരു പുതിയ യുഗത്തിന്റെ തുടക്കം എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.
മാൻഹട്ടനിലെ സിറ്റി ഹാൾ പാർക്കിന് താഴെ സ്ഥിതി ചെയ്യുന്ന പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷൻ, ന്യൂയോർക്ക് സിറ്റി സബ്‌വേ ശൃംഖലയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു നിർമ്മിതിയായാണ് കണക്കാക്കപ്പെടുന്നത്. 1904-ൽ തുറന്ന ഈ സ്റ്റേഷൻ 1945 മുതൽ പ്രവർത്തനരഹിതമാണ്. 1904 ഒക്ടോബർ 27-നാണ് ഇത് ഉദ്ഘാടനം ചെയ്തത്. ന്യൂയോർക്കിലെ ആദ്യത്തെ സബ്‌വേ യാത്ര ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു. പ്ലാറ്റ്‌ഫോമിൻ്റെ വളവ് കാരണം പുതിയതും നീളം കൂടിയതുമായ ട്രെയിനുകൾക്ക് ഇവിടെ നിർത്താൻ പ്രയാസമായതിനാൽ 1945 ഡിസംബർ 31-ന് സ്റ്റേഷൻ അടച്ചുപൂട്ടി. റോമനെസ്‌ക് റിവൈവൽ ശൈലിയിൽ നിർമ്മിച്ച ഈ സ്റ്റേഷൻ ഗ്വാസ്റ്റവിനോ ടൈലുകൾ, ഗ്ലാസ് സ്കൈലൈറ്റുകൾ, പിച്ചള ചാൻഡിലിയറുകൾ എന്നിവയാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിലവിൽ ഈ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ലെങ്കിലും, 6-ാം നമ്പർ ട്രെയിൻ അതിൻ്റെ അവസാന സ്റ്റോപ്പായ ബ്രൂക്ലിൻ ബ്രിഡ്ജ് കഴിഞ്ഞു തിരിഞ്ഞു വരുമ്പോൾ ഈ സ്റ്റേഷനിലൂടെ കടന്നുപോകാറുണ്ട്. യാത്രക്കാർക്ക് ഈ സമയത്ത് ട്രെയിനിൽ ഇരുന്ന് സ്റ്റേഷൻ കാണാൻ സാധിക്കും.
ജീവിതച്ചെലവ് കുറയ്ക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഉയർത്തിപ്പിടിക്കാനും, തൊഴിലാളികൾക്കായി നിലകൊള്ളുന്ന ഒരു ഭരണകൂടമായിരിക്കും ഇതെന്നും കാണിക്കാനുംകൂടിയാണ് ഈ വേദി തിരഞ്ഞെടുത്തതെന്ന് മംദാനിയുടെ ഓഫീസും വ്യക്തമാക്കുന്നുണ്ട്.
പുതുവർഷത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ അധികാരമേറ്റെടുക്കുന്ന കീഴ്വഴക്കം അനുസരിച്ചാണ് അർദ്ധരാത്രിയിൽ മംദാനിയും സത്യപ്രതിജ്ഞ നടത്തുന്നത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആണ് അർദ്ധരാത്രിയിലെ ഈ സ്വകാര്യ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
തുടർന്ന് ജനുവരി 1-ന് ഉച്ചയ്ക്ക് 1 മണിക്ക് സിറ്റി ഹാളിന്റെ പടിക്കെട്ടുകളിൽ വെച്ച് നടക്കുന്ന പൊതുചടങ്ങിൽ സെനറ്റർ ബെർണി സാൻഡേഴ്‌സ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
Mandani’s oath-taking update, more details.















