ശതകോടീശ്വരന്മാർ മാധ്യമങ്ങളെ വാങ്ങുന്നത് അധികാരത്തിനു വേണ്ടിയും ഭരണകൂടത്തിനു വേണ്ടി നരേറ്റീവുകളെ സൃഷ്ടിക്കാനും: മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്

ബിജു കിഴക്കേക്കൂറ്റ്

എഡിസൺ (ന്യു ജേഴ്‌സി): ശതകോടീശ്വരന്മാർ മാധ്യമങ്ങളെ വാങ്ങുന്നത് പണം ഉണ്ടാക്കാൻ അല്ല, അധികാരത്തിനു വേണ്ടിയും ഭരണകൂടത്തിനു വേണ്ടി നരേറ്റീവുകളെ സൃഷ്ടിക്കാനുമാണ് എന്ന് മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ പി സി എൻ എ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ‘ശതകോടീശ്വരന്മാർ കയ്യടക്കിയ മാധ്യമ ലോകം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണി പവറാണെങ്കിൽ പവറിൻ്റെ മറ്റൊരു രൂപമാണ് മീഡിയ. ഇന്ത്യൻ ജനാധിപത്യത്തെ നിർവചിച്ചിരുന്ന എൻഡിടിവി പോലുള്ള മാധ്യമത്തെ അദാനി വിലക്കു വാങ്ങിച്ചത് എൻഡിടിവിയുടെ നിലപാടുകളെ ഇല്ലാതാക്കാനാണ് . അതിൽ അവർ വിജയിച്ചു. അമ്പാനി മീഡിയകൾക്കു വേണ്ടി പണം മുടക്കുന്നത് ഭരിക്കുന്ന സർക്കാരിനെ സംരക്ഷിക്കാൻ വേണ്ടിയാണ്. പണ്ടൊക്കെ രഹസ്യമായി പണം മുടക്കിയിരുന്നത് ഇപ്പോൾ പരസ്യമായി ചെയ്യാൻ തുടങ്ങി. ഇത് ജനാധിപത്യത്തെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. ജോണി ലൂക്കോസ് പറഞ്ഞു.

എന്നാൽ എല്ലാ മാധ്യമങ്ങളുടെ പിന്നിലും കോർപറേറ്റ് പവർ ഉണ്ടെന്നും പണം മുടക്കാതെ ഒരു മാധ്യമവും മുന്നോട്ടുപോകില്ലെന്നും റിപ്പോർട്ടർ ടിവി കോർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി പറഞ്ഞു. എന്നാൽ യഥാർഥ ഉടമ കാഴ്ചക്കാരനോ വായനക്കാരനോ ആണ്, പണം മുടക്കുന്ന വ്യവസായി അല്ല. കാഴ്ചക്കാരെ തൃപ്തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നതും വാർത്തയുടെ മൂല്യം തീരുമാനിക്കുന്നതും. അട്ടപ്പാടി ആദിവാസി ഉന്നതിയിലെ പരിതോവസ്ഥയെക്കാൾ വലുത് മെട്രോ പില്ലറിൽ കയറിയിരിക്കുന്ന പൂച്ചയുടെ വാർത്തയായിരിക്കും- സുജയ പറഞ്ഞു.

ശതകോടി ബിസിനാണ് മാധ്യമ രംഗം. അതുകൊണ്ടു തന്നെ ഓരോ മാധ്യമത്തിന്റേയും എഡിറ്റോറിയൽ പോളിസിയിൽ നിന്നുകൊണ്ട് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ മാധ്യമപ്രവർത്തകനുമുണ്ട്. ഭരണപക്ഷത്ത് ഇരിക്കുന്നവരെ വെറുപ്പിച്ചാൽ ലൈസൻസ് തന്നെ നഷ്ടമാകുന്ന അവസ്ഥയുമുണ്ടെന്ന് ന്യൂസ് 18 എഡിറ്റർ ലീൻ ബി ജെസ്മാസ് പറഞ്ഞു.

അതി സമ്പന്നരായ മുതലാളിമാർ മാധ്യമങ്ങളെ വിലക്കെടുക്കുന്നത് തീർച്ചയായും ഭരണാധികാരിക്കു വേണ്ടി നരേറ്റിവുകൾ മാറ്റാൻ വേണ്ടി തന്നെയാണെന്നും എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇത്തരം ഒരു അവസ്ഥയിലേക്ക് പോയിട്ടില്ല എന്നും 24 ന്യൂസിലെ ഹാഷ്മി താജ് ഇബ്രംഹിം പറഞ്ഞു.

മാധ്യമങ്ങൾക്കു വേണ്ടി പണം മുടക്കുന്നത് മുതലാളിമാരാണെങ്കിൽ എഡിറ്റോറിയൽ തീരുമാനം ജോർണലിസ്റ്റുകൾ തന്നെ എടുക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അബ്ജോദ് വർഗീസ് പറഞ്ഞു.

പെട്ടിക്കട നടത്തുന്ന മുതലാളിക്കു പോലും അയാളുടെ താൽപര്യമുണ്ടെന്നും അതുകൊണ്ടു തന്നെ സാധ്യമായ സ്പേസിനെ കൃത്യമായി ഉപയോഗപ്പെടുത്താനാണ് ഓരോ മാധ്യമ പ്രവർക്കനും ശ്രമിക്കേണ്ടതെന്നും മാതൃഭൂമി ന്യൂസ് സീനിയർ സബ് എഡിറ്റർ മോത്തി രാജേഷ് പറഞ്ഞു.

ഏറ്റവും വലിയ പവർ എന്നത് ജനങ്ങളുടെ വിശ്വാസമാണെന്നും അവർക്കു വേണ്ടിയായിരിക്കണം വാർത്തകളെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി പറഞ്ഞു.

പ്രൈവറ്റ് ക്യാപിറ്റൽ എന്നത് പുത്തരിയല്ലെന്നും അമേരിക്കയിൽ ഇതു പണ്ടേ നിലവിൽ ഉള്ള കാര്യമാണെന്നും എന്നാൽ മീഡിയ മൊണോപളി ഉണ്ടാകാതിരിക്കാൻ 39 ശതമാനം ഓണർഷിപ് ക്യാപ് ഉറപ്പാക്കുന്ന നിയമം ഉണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്പോണ്ടൻ്റ് കൃഷ്ണകിഷോർ പറഞ്ഞു.

24 ന്യൂസ് യുഎസ് കറസ്പോണ്ടൻ്റ് മധു കൊട്ടാരക്കര മോഡറേറ്ററായിരുന്നു.

Manorama News TV Director Johnny Luckos speaks in IPCNA media seminar

More Stories from this section

family-dental
witywide