
ഷാം എൽ ഷെയ്ഖ് (ഈജിപ്ത്): ഹമാസ് നടത്തിയ ഒക്ടോബർ ഏഴ് ആക്രമണത്തിന്‍റെ അനുസ്മരണങ്ങൾ ഇസ്രായേലിൽ നടക്കുന്നതിനിടയിൽ, ഗാസയിലെ വെടിനിർത്തൽ കരാറിനായി ഇസ്രായേലിന്‍റെയും ഹമാസിന്‍റെയും പ്രതിനിധി സംഘങ്ങൾ ഈജിപ്തിൽ ചർച്ചകൾ തുടരുകയാണ്. ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന പദ്ധതിക്ക് മുന്നിലുള്ള പ്രധാന തടസങ്ങൾ കണ്ടെത്താനായി ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ ഇന്നലെ നാല് മണിക്കൂറാണ് ചർച്ച നടത്തിയത്. ഈ വെടിനിർത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളിൽ ഇനിയും ധാരണയിലെത്താനുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു.
ചർച്ചകൾ ഇന്നും പുനരാരംഭിച്ചതായി അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 20 ഇന പദ്ധതിയിലെ ഓരോ പോയിന്‍റിന്‍റെയും പ്രായോഗിക നിർവ്വഹണത്തെ ചൊല്ലിയാണ് നിലവിൽ തടസങ്ങൾ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചർച്ച ചെയ്യേണ്ട നിരവധി വിശദാംശങ്ങൾ ഇനിയും ബാക്കിയുണ്ട്. 20 പോയിൻ്റുകളുള്ള ഈ പദ്ധതിയിലെ മിക്കവാറും ഓരോ പോയിൻ്റിൻ്റെയും നടപ്പാക്കലിന് വിശദീകരണം ആവശ്യമുണ്ട്,” അൽ അൻസാരി പറഞ്ഞു.
ഭാവിയിൽ ഗാസയിൽ രൂപീകരിക്കേണ്ട അന്താരാഷ്ട്ര സേന, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കൽ, തകർന്ന ഗാസയിലേക്കുള്ള സഹായ പ്രവേശനം എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും വക്താവ് അറിയിച്ചു. ഈ പരോക്ഷ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളാണ് ഖത്തർ. ഇസ്രായേലി ബന്ദികളുടെ മോചനം യുദ്ധത്തിന് അന്ത്യം കുറിക്കുമോ എന്ന ചോദ്യത്തിന്, അത് സ്വാഭാവികമായും സംഘർഷം അവസാനിക്കുന്നതിലേക്ക് നയിക്കും എന്നാണ് ട്രംപിന്‍റെ പദ്ധതി വ്യക്തമാക്കുന്നത് എന്ന് അൽ അൻസാരി മറുപടി നൽകി.