
ന്യൂ ജേഴ്‌സി : ഇൻഡ്യയ്ക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ, ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ സിറോ മലബാർ സഭാ മേലധ്യക്ഷൻ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും.
സിൽവർ ജൂബിലി ആഘോഷങ്ങൾ, കഴിഞ്ഞു പോയ വർഷങ്ങളെ നന്ദിപൂർവം സ്മരിക്കുവാനും, വീഴ്ചകൾ തിരുത്തുവാനും, അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
ഷിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് മെയ് 23,24,25 തീയതികളിൽ നടന്ന “ദിവ്യ കാരുണ്യ കോൺഗ്രസ്” ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരിരുന്നു മാർ റാഫേൽ തട്ടിൽ.
അമേരിക്കയിൽ സിറോ മലബാർ സഭയുടെ വളർച്ചക്കുവേണ്ട സഹായങ്ങൾ നൽകിയ തദ്ദേശ ലത്തീൻ സഭയോട് നമ്മൾ എന്നും നന്ദിയുള്ളവരായിക്കുകയും, അവർക്കുവേണ്ടി പ്രാർഥിക്കുകയും വേണമെന്നും പിതാവ് ഓർമ്മിപ്പിച്ചു.
അതുപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും ഈ രൂപതയെ പടുത്തു ഉയർത്തുവാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ച എല്ലാവരെയും കൃതജ്ഞതാ പൂർവം സ്മരിക്കുവാനും, അവരേയും ചേർത്ത് നിർത്തുവാനും നമ്മുക്ക് സാധിക്കണം. അതോടൊപ്പം വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ വളർച്ചക്കും നിസ്വാർഥമായ നേതൃത്വം നൽകുകയും ചെയ്ത മാർ ജേക്കബ് അങ്ങാടിയതിനേയും മാർ തട്ടിൽ നന്ദിപൂർവം സ്മരിച്ചു.
സഭ പല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഷിക്കാഗോ രൂപതയിൽ നിന്നും ധാരാളം ദൈവ വിളികൾ ഉണ്ടാകുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നതായി പിതാവ് പറഞ്ഞു. അടുത്ത തലമുറയ്ക്ക് “ബാറ്റൺ” കൈമാറാൻ നമ്മൾ ഇപ്പോഴേ ഒരുങ്ങണം. ചിക്കാഗോ രൂപതയിൽ ഉണ്ടായിരിക്കുന്ന വിശ്വാസ വളർച്ചയിൽ താൻ ഏറെ സന്തുഷ്‌ടനാണെന്നും, അതിനു നേതൃത്വവും പ്രോത്സാഹനവും നൽകിവരുന്ന രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിനെ അഭിനന്ദിക്കുന്നതായും മേജർ ആർച് ബിഷപ് പറഞ്ഞു.
മൂന്നുദിവസം നീണ്ടു നിന്ന “ദിവ്യകാരുണ്യ കോൺഗ്രസിൽ” പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മലയാളത്തിലും, അമേരിക്കയിലെ പ്രശസ്ത വചന പ്രഘോഷകരായ ഡോ. സ്കോട്ട് ഹാൻ, പോൾ ജെ. കിം, അലക്സ് ഗോടൈ, ഡോ. ലോറൻസ് ഫിൻഗോൾഡ് എന്നിവരും ഷിക്കാഗോ രൂപതയുടെ ഭാഗമായ റവ. ഫാ. കെവിൻ മുണ്ടക്കൽ, സി. ആഗ്നസ് എന്നിവർ ഇംഗ്ലീഷിലും വിശുദ്ധ കുർബാനയെപ്പറ്റി പ്രഭാഷങ്ങൾ നടത്തി.
ശനിയാഴ്ച വൈകുന്നേരം അതിഥേയ ഇടവകാംഗങ്ങൾ അവതരിപ്പിച്ച “ജീവൻറെ അപ്പം” എന്ന സ്റ്റേജ്‌ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
Mar Raphael Thattil on Diocese of Chicago Silver Jubilee Celebration