ഡൽഹിയിലേത് ‘ഭീകരാക്രമണമെന്ന് വ്യക്തം’; മികച്ചരീതിയിൽ അന്വേഷണം നടത്തുന്നതില്‍ ഇന്ത്യയെ അഭിനന്ദിക്കേണ്ടതുണ്ട്; പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

വാഷിംഗ്ടണ്‍ : രാജ്യത്തെ നടുത്തി തലസ്ഥാനത്തെ ചെങ്കോട്ടയ്ക്കുസമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് വ്യക്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സ്‌ഫോടനത്തെ അപലപിച്ച റൂബിയോ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് ഇന്ത്യ കൈകാര്യം ചെയ്തതിനെ മാര്‍ക്കോ റൂബിയോ പ്രശംസിക്കുകയും ഇന്ത്യയ്ക്ക് യുഎസ് സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും പ്രാദേശിക സുരക്ഷാ ആശങ്കകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ വേഗത്തിലുള്ള പ്രതികരണത്തെ അഭിനന്ദിച്ച റൂബിയോ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ ‘മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു’ എന്നും അഭിപ്രായപ്പെട്ടു. ഭീകരവിരുദ്ധ ശ്രമങ്ങളില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനും സുരക്ഷയിലും രഹസ്യാന്വേഷണത്തിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.

‘ഇന്ത്യക്കാരെ അഭിനന്ദിക്കേണ്ടതുണ്ട്. ഈ അന്വേഷണം അവര്‍ എങ്ങനെ നടത്തുന്നുവെന്നതില്‍ അവര്‍ വളരെ സൂക്ഷ്മത പുലര്‍ത്തുകയും ജാഗ്രത പുലര്‍ത്തുകയും വളരെ പ്രൊഫഷണലായിരിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുന്നു. അതൊരു ഭീകരാക്രമണമായിരുന്നു, അത് വളരെ സ്‌ഫോടനാത്മകമായ വസ്തുക്കള്‍ നിറച്ച ഒരു കാറായിരുന്നു, അത് പൊട്ടിത്തെറിക്കുകയും ധാരാളം ആളുകളെ കൊല്ലുകയും ചെയ്തു.’-മാധ്യമങ്ങളോട് സംസാരിച്ച റൂബിയോ പറഞ്ഞു.

Marco Rubio praises India’s handling of Delhi blasts.

More Stories from this section

family-dental
witywide