
വാഷിംഗ്ടണ്‍: ട്രംപുമായി ഇടഞ്ഞ് വാർത്തകളിൽ ഇടം നേടിയ വിരമിക്കാനൊരുങ്ങുന്ന ജോർജിയൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ തന്‍റെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചു. പ്രമുഖ ട്രംപ് അനുകൂലിയും തീവ്ര വലതുപക്ഷ വാർത്താ ശൃംഖലയായ ‘റിയൽ അമേരിക്കാസ് വോയ്‌സ്’ പണ്ഡിറ്റുമായ ബ്രയാൻ ഗ്ലെൻ ആണ് വരൻ.
തിങ്കളാഴ്ച തന്‍റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഗ്രീൻ ഈ സന്തോഷവാർത്ത അറിയിച്ചത്. “Happily ever after!!!” എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. റിയൽ അമേരിക്കാസ് വോയ്‌സിന്റെ ചീഫ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് കൂടിയായ ബ്രയാൻ ഗ്ലെനും, ഗ്രീൻ തന്‍റെ വിവാഹനിശ്ചയ മോതിരം ഉയർത്തിക്കാട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അടുത്ത ജനുവരിയിൽ പദവിയിൽ നിന്ന് രാജിവെക്കുമെന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് ഗ്രീൻ പ്രഖ്യാപിച്ചിരുന്നു. മുൻപ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വലിയ പിന്തുണക്കാരിയായിരുന്ന ഗ്രീൻ, ഇപ്പോൾ അദ്ദേഹവുമായി പരസ്യമായ വാഗ്വാദത്തിലാണ്. ഗ്രീനിനെ ഒരു രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർക്കെതിരെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ട്രംപ് തന്റെ രണ്ടാം ഊഴത്തിൽ ആഭ്യന്തര കാര്യങ്ങളെക്കാൾ വിദേശനയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ഗ്രീൻ കുറ്റപ്പെടുത്തി. ജെഫ്രി എപ്‌സ്റ്റീൻ കേസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് വീഴ്ച പറ്റിയെന്നും ഗ്രീൻ ആരോപിക്കുന്നു. 2021ൽ കാപ്പിറ്റോൾ ഹില്ലിലെത്തിയ ഗ്രീൻ, തീവ്ര നിലപാടുകളിലൂടെയും ട്രംപിനോടുള്ള ശക്തമായ കൂറിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ അടുത്ത വർഷത്തെ പ്രാഥമിക തിരഞ്ഞെടുപ്പിലെ കടുത്ത മത്സരം ഒഴിവാക്കാനാണ് താൻ പദവി ഒഴിഞ്ഞുമാറുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.












