
വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീൻ വിഷയത്തിൽ ഉൾപ്പെടെയുള്ള പരസ്യമായ രാഷ്ട്രീയ ഭിന്നതയുടെ പശ്ചാത്തലത്തിൽ, തന്നെ രാജ്യദ്രോഹി എന്ന് വിളിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത റെപ്. മാർജോറി ടെയ്‍ലർ ഗ്രീൻ. കാപ്പിറ്റോൾ ഹില്ലിൽ എപ്സ്റ്റീൻ കേസിലെ അതിജീവിതകളുമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ അദ്ദേഹത്തിന് (ട്രംപിന്) യാതൊന്നും നൽകാനില്ല. എന്നാൽ അദ്ദേഹത്തിന്‍റെ നയങ്ങൾക്കും അമേരിക്ക ഫസ്റ്റ് എന്നതിനും വേണ്ടി ഞാൻ പോരാടി. ഈ സ്ത്രീകളോടൊപ്പം നിലകൊണ്ടതിനും ഡിസ്ചാർജ് പെറ്റീഷനിൽ നിന്ന് എന്‍റെ പേര് നീക്കം ചെയ്യാൻ വിസമ്മതിച്ചതിനും അദ്ദേഹം എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചു” – അവർ പറഞ്ഞു.
“രാജ്യദ്രോഹി ആരാണെന്ന് ഞാൻ പറയാം. രാജ്യദ്രോഹി എന്നാൽ വിദേശ രാജ്യങ്ങളെയും സ്വന്തം താൽപ്പര്യങ്ങളെയും സേവിക്കുന്ന ഒരു അമേരിക്കക്കാരനാണ്. രാജ്യസ്നേഹി എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും എന്‍റെ പിന്നിൽ നിൽക്കുന്ന സ്ത്രീകളെപ്പോലെയുള്ള അമേരിക്കക്കാരെയും സേവിക്കുന്ന ഒരു അമേരിക്കക്കാരനാണ്,” അവർ കൂട്ടിച്ചേർത്തു.
എപ്സ്റ്റീൻ ഫയലുകൾ പൂർണ്ണമായി പുറത്തുവിടാൻ നിർബന്ധിക്കുന്ന പ്രമേയം സഭ പാസാക്കിയതിന് ശേഷമായിരിക്കും യഥാർത്ഥ പോരാട്ടം നടക്കുക എന്നും അവർ വാദിച്ചു. “യഥാർത്ഥ പരീക്ഷണം ഇതായിരിക്കും: നീതിന്യായ വകുപ്പ് ഈ ഫയലുകൾ പുറത്തുവിടുമോ, അതോ എല്ലാം അന്വേഷണങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുമോ?” അവർ ചോദിച്ചു. എപ്സ്റ്റീൻ കേസിൽ ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജിമാർ ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടുമോ എന്നും അവർ ചോദ്യം ചെയ്തു.












